‘മലയാളി നല്ല രീതിയിൽ ഓണമുണ്ണും, അതാണ് സർക്കാർ ഗ്യാരണ്ടി’; എം.വി ഗോവിന്ദൻ
ഓണം പൊന്നോണം ആക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ . വിലക്കയറ്റത്തിൽ കൃത്യമായ ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്. ഒരു പ്രയാസവും ഇല്ലാതെ ജനങ്ങൾ ഓണം ഉണ്ണും എന്നതാണ് സർക്കാരിന്റെ ഗ്യാരണ്ടി യെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പുതുപ്പള്ളി നിയോജക മണ്ഡലം എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. വി. ഗോവിന്ദൻ.
സർക്കാരിന്റെ പ്രവർത്തനങ്ങളെ ഈ തെരഞ്ഞെടുപ്പിൽ വിലയിരുത്തുന്നതിൽ പ്രയാസം ഇല്ല. കേന്ദ്രം സംസ്ഥാനത്തിനുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ അവസ്ഥയാണ്. ഇതിനെ കോൺഗ്രസ് എതിർക്കുന്നില്ലെന്നും വികസന പ്രവർത്തനങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്ത് തന്നെ മുന്നോട്ട് പോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഓണത്തിന് മുൻപ് തന്നെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. ചില പത്രങ്ങൾ മഹാബലി ഇങ്ങോട്ട് വരണ്ട എന്ന രീതിയിൽ വരെ വാർത്തകൾ കൊടുക്കുന്നുണ്ട്. എന്നാൽ നിത്യോപയോഗ സാധനങ്ങൾ വിലകുറഞ്ഞിരിക്കുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൻ്റെ പൊതു വികസനത്തിനൊപ്പം പുതുപ്പള്ളി എത്തിയിട്ടില്ല എന്നത് നഗ്നമായ പരമാർത്ഥമാണ്.പുതുപ്പള്ളിയിലെ വികസന വിഷയം ഇപ്പോൾ യുഡിഎഫ് വിട്ടു. കെഎസ്എഫ്ഇ ശാഖ കൃഷിഭവൻ ഇതെല്ലാം ഉണ്ടെന്നാണ് യുഡിഎഫ് പറയുന്നത്. കൃഷിഭവൻ ഇല്ലാത്ത പഞ്ചായത്തുണ്ടോ?, പുതുപ്പള്ളി വികസനത്തിൻ വളരെ പിന്നിലാണ്. മണ്ഡലം രക്ഷപ്പെടാൻ ജെയ്ക് ജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.