Sunday, April 13, 2025
Kerala

എൻഎസ്എസിൻ്റെ നാമജപ ഘോഷയാത്രക്കെതിരായ കേസ് പിൻവലിക്കാൻ നീക്കം

എൻഎസ്എസിൻ്റെ നാമജപ ഘോഷയാത്രക്കെതിരായ കേസ് പിൻവലിക്കാൻ നീക്കം. സർക്കാർ നിർദേശത്തെ തുടർന്ന് പൊലീസ് നിയമ സാധുത പരിശോധിച്ചു. ഘോഷയാത്രയിൽ അക്രമം ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാണിക്കാനാണ് നീക്കം. തുടർനടപടി അവസാനിപ്പിക്കുന്നതായി കോടതിയിൽ റിപ്പോർട്ട് നൽകുന്നത് സർക്കാർ ആലോചിക്കുകയാണ്. കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനാൽ പിൻവലിക്കൽ അസാധ്യമെന്ന് സംശയമുണ്ടെങ്കിലും നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് മുൻപ് എൻ.എസ്.എസിന്റെ നീരസം മാറ്റാനാണ് സർക്കാർ നീക്കം.

അതേസമയം, പുതുപ്പള്ളിയിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് കോട്ടയം ആര്‍ ഡി ഒ മുമ്പാകെയാണ് ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുക. രാവിലെ സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തുന്ന സ്ഥാനാര്‍ത്ഥി അവിടെ നിന്ന് എല്‍ ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് പത്രിക സമര്‍പ്പണത്തിനായി പോകുന്നത്.

ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. മണര്‍കാട് ജംഗ്ഷനില്‍ വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.

മന്ത്രി വി എന്‍ വാസവന്‍, ജോസ് കെ മാണി എം.പി, ബിനോയ് വിശ്വം എം പി, കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ, എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ, എല്‍.ജെ.ഡി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ് , അഡ്വ: മാത്യു ടി തോമസ് എം എല്‍ എ, ഡോ. കെ സി ജോസഫ് (ജനാധിപത്യ കേരളകോണ്‍ഗ്രസ്), കേരളകോണ്‍ഗ്രസ് (ബി) ജില്ലാ ജനറല്‍ സെക്രട്ടറി പ്രേംജിത്ത് കെ ജി, കേരള കോണ്‍ഗ്രസ് (സ്‌കറിയതോമസ്) ചെയര്‍മാന്‍ ബിനോയ് ജോസഫ്, ഐ.ഐന്‍.ഐല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *