നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുമതി തരണം: സർക്കാർ സുപ്രീം കോടതിയിൽ
മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ഉള്ളവർക്കെതിരായ നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ലെന്ന് കേരളം പറയുന്നു.
സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കോൺസൽ ജി പ്രകാശ് ആണ് ഹർജി സമർപ്പിച്ചത്. വി ശിവൻകുട്ടി, കെ ടി ജലീൽ, ഇ പി ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി കെ സദാശിവൻ, കെ അജിത് എന്നിവർ കേസിൽ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
ഉത്തമ വിശ്വാസത്തോടെ സ്വതന്ത്രമായി കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ എടുത്ത തീരുമാനത്തിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ല. ക്രിമിനൽ നടപടി ചട്ടത്തിലെ 321ാം വകുപ്പ് പ്രകാരം കേസ് പിൻവലിക്കാനുള്ള തീരുമാനമെടുക്കേണ്ടത് പബ്ലിക് പ്രോസിക്യൂട്ടറാണെന്നും കേരളം പറയുന്നു.
ഹർജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. അതേസമയം ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല തടസ്സ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.