കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിലെടുത്ത കേസുകൾ പിൻവലിക്കാൻ നീക്കം
കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിലെടുത്ത കേസുകൾ പിൻവലിക്കാൻ നീക്കം. ഗൗരവമേറിയവ ഒഴികെയുള്ള കേസുകളാണ് പിൻവലിക്കുന്നത്. 29ന് ചേരുന്ന ഉന്നതതല യോഗം കേസുകളിൽ പിൻവലിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കും.
കൊവിഡ് കാലത്ത് രോഗം പടരാതിരിക്കാൻ സർക്കാർ പലതരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതു ലംഘിക്കുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മാത്രമല്ല പിഴയും ഈടാക്കി. എന്നാൽ നിയന്ത്രണങ്ങൾ നീക്കിയ സാഹചര്യത്തിൽ കേസുകൾ കൂടി പിൻവലിക്കാനാണ് ആലോചന. കേസുകളുമായി മുന്നോട്ട് പോകുന്നത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഗൗരവമേറിയ ഒഴികെയുള്ള കേസുകളാണ് പിൻവലിക്കുന്നത്. 29ന് ചേരുന്ന ഉന്നതതല യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. കേസുകളുടെ വിശദാംശങ്ങൾ അറിയിക്കാൻ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഇതു പരിശോധിച്ച ശേഷമാകും തീരുമാനം. നിയന്ത്രണം ലംഘിച്ചതിന് സംസ്ഥാനത്ത് ഏഴ് ലക്ഷം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിയമലംഘനത്തിന് പിഴയായി 35 കോടിയോളം രൂപ ഈടാക്കിയിട്ടുണ്ട്.