ലോറിയില്‍ കെട്ടിയ കയര്‍ ദേഹത്ത് കുരുങ്ങി കാല്‍ അറ്റുപോയി; കോട്ടയത്ത് മധ്യവയസ്‌കന് ദാരുണാന്ത്യം
കോട്ടയത്ത് ലോറിയില്‍ കെട്ടിയ കയര്‍ ദേഹത്ത് കുരുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. പ്രഭാത സവാരിക്കിറങ്ങിയ ആളാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ വലതുകാല്‍ അപകടത്തില്‍ അറ്റുപോയി. മീറ്ററുകളോളം മധ്യവയസ്‌കനുമായി ലോറി മുന്നോട്ടുപോയി. അപകടത്തിന് പിന്നാലെ ലോറിയിലുണ്ടായിരുന്നവര്‍ രക്ഷപെട്ടു. ഇവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.
കോട്ടയം ടൗണില്‍ എംസി റോഡില്‍ സംക്രാന്തി ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ജോലിക്കായി പോകുംമുന്‍പ് ചായ കുടിക്കാനിറങ്ങിയ നാട്ടുകാരനാണ് ലോറിയിലെ കയര്‍ കുരുങ്ങി മരിച്ചത്. ഡ്രൈ ക്ലീനിങ് കടയിലെ സ്റ്റാഫാണ്.
പച്ചക്കറി കയറ്റിവന്ന ലോറിയില്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞുപോയി റോഡരികിലൂടെ നടക്കുകയായിരുന്നയാളുടെ ദേഹത്ത് കുടുങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അപകടം നടന്നിട്ടും നിര്‍ത്താത്ത ലോറി മീറ്ററുകളോളം മുന്നോട്ടുനീങ്ങി. പോസ്റ്റില്‍ ഇടിച്ച്, കാല്‍ പൂര്‍ണമായും അറ്റുപോയാണ് മരണം സംഭവിച്ചത്. മൃതദേഹം കിടന്ന സ്ഥലത്ത് നിന്നും നൂറ് മീറ്റര്‍ മാറിയാണ് അറ്റുപോയ കാല്‍ കണ്ടെത്തിയത്.