കർക്കടക മാസ പൂജകൾക്കായി ശബരിമല നട തുറന്നു; ഭക്തരെ ശനിയാഴ്ച മുതൽ പ്രവേശിപ്പിക്കും
കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു.
ശനിയാഴ്ച രാവിലെ ഏഴ് മണി മുതൽ നെയ്യാഭിഷേകം നടക്കും. 11ന് ഇരുപത്തിയഞ്ച് കലശാഭിഷേകവും വൈകുന്നേരം ഏഴ് മണിക്ക് പടിപൂജയും നടക്കും. ശനിയാഴ്ച പുലർച്ചെ മുതലാണ് തീർഥാടകർക്ക് പ്രവേശനം അനുവദിക്കുക. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 പേർക്ക് വീതമാണ് പ്രതിദിനം ദർശനത്തിന് അനുമതി.
രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തവർക്ക് ദർശനത്തിന് എത്താം. രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്തവർക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നിലയ്ക്കലിൽ ആർടിപിസിആർ പരിശോധനാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.