സിപിഐഎമ്മിൻ്റെ തകർച്ചയ്ക്ക് കാരണം മുസ്ലിം പ്രീണനം: കെ.സുരേന്ദ്രൻ
ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ വൻതോൽവിക്ക് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹമാസ് അനുകൂലവും സിഎഎ വിരുദ്ധവുമായ പ്രചരണമാണ് തെരഞ്ഞെടുപ്പ് കാലത്ത് സിപിഐഎം നടത്തിയത്. ഭരണപരാജയവും അഴിമതിയും മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ഇത്തരത്തിൽ വർഗീയ പ്രചരണം നടത്തിയത്.
നരേന്ദ്രമോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഉയർത്തിയാണ് എൻഡിഎ തെരഞ്ഞെടുപ്പിനെ സമീപിച്ചത്. ദേശീയ ജനാധിപത്യ സഖ്യത്തിന് ലഭിച്ചത് പോസിറ്റീവ് വോട്ടുകളാണ്. സിപിഐഎമ്മിൻ്റെ മുസ്ലിം പ്രീണനത്തിനെതിരെ സിപിഐഎമ്മിലെ ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട അണികൾ വ്യാപകമായി ബിജെപിക്ക് വോട്ടു ചെയ്തു.
സിപിഐഎം പാർട്ടി ഗ്രാമങ്ങളിൽ ബിജെപി വൻമുന്നേറ്റമുണ്ടാക്കിയത് ഇതിൻ്റെ പ്രതിഫലനമാണെന്ന് വ്യക്തമാണ്. വർഗീയ പ്രീണനം സിപിഐഎം തുടരുമെന്നതിൻ്റെ ഉദാഹരണമാണ് രാജ്യസഭാ സ്ഥാനാർത്ഥി നിർണയം.
മുഖ്യമന്ത്രിയുടെ വിഷലിപ്തമായ വാക്കുകൾ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതായിരുന്നു. എന്നാൽ സിപിഐഎമ്മിൻ്റെ പ്രചരണം കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തു. സിപിഎം വിതച്ചതാണ് ഇപ്പോൾ കോൺഗ്രസ് കൊയ്തത്. ഭാവിയിൽ അത് മതതീവ്രവാദികൾക്കാണ് ഗുണം ചെയ്യുക.
തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഐഎമ്മും കോൺഗ്രസും മുസ്ലിം മതമൗലികവാദികളുടെ വോട്ടിന് വേണ്ടി മത്സരിക്കുമെന്ന കാര്യം ഉറപ്പാണ്. സിപിഐഎം തിരുത്തലുകൾക്ക് വിധേയമാവുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.