ആലപ്പുഴ കൂട്ടരാജി: മതഭീകരവാദികളുമായുള്ള സിപിഐഎം ബന്ധം തെളിഞ്ഞുവെന്ന് കെ.സുരേന്ദ്രൻ
ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെച്ചൊല്ലി ആലപ്പുഴ സി.പി.ഐ.എമ്മില്‍ ഉണ്ടായ പൊട്ടിത്തെറി മതഭീകരവാദികളുമായുള്ള സിപിഐഎം ബന്ധത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മതഭീകരരുമായുള്ള നേതാക്കളുടെ ബന്ധത്തെ എതിർത്ത് ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ 38 പാര്‍ട്ടി അംഗങ്ങൾ കൂട്ടരാജി നല്‍കിയത് സ്വാഗതാർഹമാണ്. സിപിഐഎമ്മിൻ്റെ യഥാർത്ഥ മുഖം പാർട്ടിപ്രവർത്തകർ തിരിച്ചറിയുന്നതിൽ സന്തോഷമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനതലം മുതൽ ബ്രാഞ്ച് വരെയുള്ള സിപിഐഎം നേതാക്കൾക്ക് പോപ്പുലർഫ്രണ്ടുമായി അന്തർധാരയുണ്ട്. മന്ത്രിസഭയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും വരെ ചില പിഎഫ്ഐ സുഹൃത്തുക്കളുണ്ട്. പകൽ ഡിവൈഎഫ്ഐയായ പലരും രാത്രിയിൽ പോപ്പുലർഫ്രണ്ടാണെന്ന് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ആലപ്പുഴയിലെ ഉന്നത സിപിഐഎം നേതാക്കളിൽ പലരും നല്ല ഒന്നാംതരം പോപ്പുലർഫ്രണ്ടുകാരാണ്. ചില സിപിഐഎം നേതാക്കളെ വിജയിപ്പിക്കാൻ പോപ്പുലർഫ്രണ്ടുകാർ ഇറങ്ങിയത് വെറുതെയല്ല. രൺജിത്ത് ശ്രീനിവാസൻ കൊലപാതകത്തിലും നന്ദു കൊലപാതകത്തിലും പോപ്പുലർഫ്രണ്ട് ഭീകരവാദികളെ സഹായിച്ചത് ഈ സിപിഐഎം നേതാക്കളാണെന്ന് ബിജെപി പറഞ്ഞിരുന്നുവെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയെ വിജയിച്ച പല സീറ്റുകളിലും സിപിഐഎമ്മിലെ ഒരു വിഭാഗത്തിൻ്റെ പിന്തുണയുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ പോപ്പുലർഫ്രണ്ട് ഇടതുപക്ഷത്തിനെ സഹായിക്കുകയും ചെയ്തു. ഇതിൻ്റെ പ്രത്യുപകാരമായിരുന്നു കഴിഞ്ഞ വർഷം കേരളത്തിൽ പോപ്പുലർഫ്രണ്ട് നടത്തിയ കൊലപാതകങ്ങളിൽ അവർക്ക് ലഭിച്ച സർക്കാർ രാഷ്ട്രീയ സഹായമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.