Tuesday, January 7, 2025
Kerala

കോൺഗ്രസ് ഇനിയെങ്കിലും ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെ കുറ്റം പറയരുത്: കെ.സുരേന്ദ്രൻ

കർണാടകയിലെ ജനവിധി അംഗീകരിച്ച് ബിജെപി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും കോൺഗ്രസ് ഇനിയെങ്കിലും ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെ കുറ്റം പറയരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും ജനാധിപത്യത്തിന്റെ ഭാഗമാണ്.

കോൺഗ്രസ് തോറ്റാൽ അവർ ഇവിഎമ്മിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ജനങ്ങളെയും അപമാനിക്കുയാണ് ചെയ്യാറ്. ഇനിയെങ്കിലും കോൺഗ്രസിന് ജനാധിപത്യത്തിലുള്ള വിശ്വാസം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

സീറ്റ് കുറഞ്ഞെങ്കിലും ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച 36 ശതമാനം വോട്ട് ഇത്തവണയും നിലനിർത്താനായി. എന്നാൽ ജെഡിഎസിന് 18 ശതമാനം വോട്ട് ഉണ്ടായിരുന്നത് 13 ശതമാനമായി കൂപ്പുകുത്തി. ജെഡിഎസിന്റെയും എസ്ഡിപിഐയുടേയും വോട്ട് സമാഹരിക്കാനായത് കൊണ്ടാണ് കഴിഞ്ഞ തവണത്തേക്കാൾ അഞ്ച് ശതമാനം വോട്ട് വിഹിതം കൂടുതൽ നേടാൻ കോൺഗ്രസിന് സാധിച്ചത്.

മുസ്ലിം സംവരണവും പിഎഫ്ഐ പ്രീണനവും ഉയർത്തിയാണ് ഇത്തവണ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആരോപണങ്ങളിലൂടെ പ്രൊപ്പഗൻഡ സൃഷ്ടിക്കാനാണ് അവർ ശ്രമിച്ചത്. ഇത്തരം നെഗറ്റീവ് പ്രചരണത്തെ പ്രതിരോധിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടു. ഇനിയെങ്കിലും പിഎഫ്ഐ അജണ്ട നടപ്പിലാക്കാതെ കർണാടകത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കോൺഗ്രസ് തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *