‘യോഗിയുടെ ബലിപെരുന്നാൾ നിയന്ത്രണങ്ങളിൽ ആശങ്ക, വിശ്വാസികളെ വെടിയുണ്ടകൾക്ക് മുന്നിൽ എറിയാതെ നോക്കാം’: കെ ടി ജലീൽ
ബലിപെരുന്നാളിന് യു പി സർക്കാർ പുറത്തിറക്കിയ നിയന്ത്രണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കെ ടി ജലീൽ എം എൽ എ. ബലിപെരുന്നാളിനോടനുബന്ധിച്ച് എന്തൊക്കെയാണാവോ ഉത്തരേന്ത്യയിൽ അരങ്ങേറുക? ആ ലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ല. അനുവദിക്കപ്പെട്ട സ്ഥലങ്ങളിലേ പെരുന്നാൾ നമസ്കാരം നടത്താവൂ. ഡ്രോണുകൾ വെച്ച് അവ നിരീക്ഷിക്കുമെന്നൊക്കെ ഒരു സർക്കാർ പറയുന്നത് എന്തിനാണ്? എന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
ജുമുഅ പോലും ആളുകൾ അധികമാകുന്നത് തടഞ്ഞ്, മറ്റുള്ളവർക്ക് പ്രയാസം സൃഷ്ടിക്കാതെ ഒരു പള്ളിയിൽ തന്നെ രണ്ടും മൂന്നും തവണ ജുമുഅ നമസ്കാരം നടത്തുന്നത് പല അമേരിക്കൻ- യൂറോപ്യൻ നഗരങ്ങളിലും കാണാം. പത്തോ പതിനഞ്ചോ മിനുട്ടുകൾ ഇടവിട്ട് ഒന്നിൽ കൂടുതൽ പെരുന്നാൾ നമസ്കാരങ്ങൾ കൂട്ടമായി പള്ളിക്കകത്തോ അനുവദിക്കപ്പെട്ട ഈദ് ഗാഹുകളിലോ നമസ്കരിക്കുന്നതിൽ യാതൊരു അപാകതയുമില്ല എന്നും ജലീൽ വ്യക്തമാക്കി
ഉത്തരേന്ത്യയിലെ പണ്ഡിത നേതൃത്വം ഇക്കാര്യത്തെ സംബന്ധിച്ച് സഗൗരവം ആലോചിച്ച് നിലപാട് പറയാൻ തയ്യാറായാൽ വലിയ കാര്യമാകും. വിശ്വാസികളെ യു.പി പോലീസിൻ്റെ വെടിയുണ്ടകൾക്ക് മുന്നിലേക്ക് എറിഞ്ഞ് കൊടുക്കാതെ നോക്കാം എന്നും ജലീൽ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഉത്തർപ്രദേശിൽ പൊലീസിൻ്റെ എൻകൗണ്ടർ അറ്റാക്കിൽ കൊല്ലപ്പെട്ടത് പതിനായിരത്തിലധികം ആളുകളാണെന്നും അദ്ദേഹം കുറിച്ചു.അക്രമം നേരിടുന്നവരെ സംരക്ഷിക്കാൻ അഖിലേഷിനും രാഹുലിനും കഴിയുന്നില്ലെങ്കിൽ “ഇന്ത്യ” മുന്നണിയുടെ ഭാവി കണ്ടറിയേണ്ടിവരുമെന്നും ജലീൽ വ്യക്തമാക്കി.