Monday, January 6, 2025
Kerala

‘ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാർ ചീറ്റിപ്പോയി’; അത് പാർട്ടി സമ്മേളനമായിരുന്നു എന്ന് കെ സുരേന്ദ്രൻ

ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാർ ചീറ്റിപ്പോയെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. നടന്നത് പാർട്ടി സമ്മേളനമായിരുന്നു. ഏകപക്ഷീയ പരിപാടി ആയിപ്പോയി. അതിൽ മുസ്ലിം സ്ത്രീകളുടെ ശബ്ദം ഉയർന്നുകേട്ടില്ല. വ്യക്തിനിയമങ്ങളുടെ പേരിൽ മുത്തലാഖ് പോലുള്ള അപരിഷ്കൃത നടപടികൾ നേരിടേണ്ടിവരുന്നവരുടെ ശബ്ദം കേട്ടില്ല. വോട്ട് ബാങ്കിനു വേണ്ടിയുള്ള വൃഥാവ്യായാമമാണ് നടന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു.

മുസ്ലിം വോട്ടിന് വേണ്ടി സിപിഐഎം ആർത്തി പിടിച്ചു പരക്കം പായുന്ന സ്ഥിതിയാണ്. സെമിനാറിൽ മുസ്ലിം ലീഗ് വന്നില്ലെങ്കിലും മുസ്ലിം ലീഗിൻ്റെ സെമിനാറിൽ ക്ഷണിച്ചാലും വന്നുകൊള്ളാമെന്ന് എംവി ഗോവിന്ദൻ പറയുന്നു. പാർട്ടി കോൺഗ്രസ്സ് പ്രമേയങ്ങൾ അവർ തന്നെ ചുട്ടു കരിച്ചിരിക്കുന്നു. സിപിഐഎമ്മിന് മുസ്ലിം വോട്ട് കിട്ടുകയും ഇല്ല, കക്ഷത്തിൽ ഉള്ള ഹിന്ദു വോട്ട് പോവുകയും ചെയ്യുന്ന സ്ഥിതിയാണ്.

സിൽവർ ലൈനിൽ സഹകരിക്കില്ല എന്നത് പ്രഖ്യാപിത നിലപാടാണ്. മലക്കം മറിഞ്ഞത് സംസ്ഥാന സർക്കാർ ആണ്. സിൽവർ ലൈനിൽ മുന്നോട്ട് പോകാൻ ആവില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് സർക്കാർ ഇ ശ്രീധരനെ സമീപിച്ചത്. സിൽവർലൈൻ പൂർണമായും ഉപേക്ഷിച്ചുവെന്ന് സർക്കാർ പറഞ്ഞാൽ ബിജെപിയുടെ നിലപാട് പറയാം, തുടർ ചർച്ചയാകാം. അതിവേഗ ട്രെയിൻ വേണം എന്ന് തന്നെയാണ് ബിജെപി നിലപാട്. സിൽവർ ലൈൻ അശാസ്ത്രീയം തന്നെ. ഇ ശ്രീധരൻ മുന്നോട്ട് വെച്ച ആശയം ബിജെപി ചർച്ച ചെയ്യും. എല്ലാ വികസന പദ്ധതികളുടെയും എതിർക്കുക ബിജെപി നയമല്ല. ബിജെപി ഇടപെടൽ കൊണ്ടാണ് സിൽവർ ലൈൻ നടക്കാതെ പോയത്. യു ഡി എഫ് ഇടപെടൽ മൂലമല്ല എന്നും സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *