Tuesday, April 15, 2025
Kerala

കോൺഗ്രസിന്റെ നിലവാരം സുധാകാരനോളം താഴ്ന്നിരിക്കുന്നു; രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തി: മന്ത്രി വി ശിവൻകുട്ടി

കോൺഗ്രസിന്റെ നിലവാരം സുധാകാരനോളം താഴ്ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോൺഗ്രസിൽ നിന്ന് സുധാകരന്റെ പരാമർശങ്ങൾക്ക് ലഭിക്കുന്ന പിന്തുണയെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

മുഖ്യമന്ത്രി കടന്നുവന്ന വഴിയും സുധാകരൻ കടന്നുവന്ന വഴിയും നിരീക്ഷിച്ചാൽ ഇരുവരും തമ്മിലുള്ള വ്യത്യാസം മനസിലാകും.കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് സുധാകരൻ. വഴിതെറ്റിയ വ്യക്തിയുടെ ജല്പനമായേ മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമർശങ്ങളെ കാണാനാകൂ.

രാഷ്ട്രീയത്തിൽ രാഷ്ട്രീയമായി നേരിടാൻ കഴിയാതാകുമ്പോൾ വ്യക്തിഹത്യ നടത്തുക, കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുക, മോശം പദപ്രയോഗം നടത്തുക തുടങ്ങിയ നടപടികൾ ആണ് സമീപകാലത്ത് കോൺഗ്രസ്‌ നടപ്പാക്കുന്ന രാഷ്ട്രീയം.

തലമുതിർന്ന കോൺഗ്രസ്‌ നേതാക്കൾക്കും ദേശീയ നേതൃത്വത്തിനും സുധാകരന്റെ നിലപാട് തന്നെ ആണോ ഉള്ളത് എന്നറിയാൻ താല്പര്യം ഉണ്ട്. കോൺഗ്രസിലെ പുതുതലമുറ നേതാക്കളും സുധാകരന്റെ പാത പിന്തുടരുന്നത് ആ പാർട്ടിയുടെ ധാർമിക ക്ഷയത്തെ സൂചിപ്പിക്കുന്നു. കോൺഗ്രസ്‌ നേതാക്കൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ ജനം മര്യാദ പഠിപ്പിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *