സൗദി പൗരന്റെ ഇടപെടൽ; ഇന്ത്യാക്കാരന് ജയിൽ മോചനം
സ്വദേശി യുവാവിൻറെ ഇടപെടൽ മൂലം സൗദിയിൽ ഇന്ത്യാക്കാരന് ജയിൽ മോചനം. 4 പേരുടെ മരണത്തിന് കാരണമായ വാഹനാപകട കേസിലെ പ്രതി യു.പി സ്വദേശിയാണ് നാലര വർഷത്തിന് ശേഷം ജയിൽ മോചിതനായത്. കോടതി വിധിച്ച നഷ്ടപരിഹാരത്തുക 2 കോടി രൂപ ഒരു സൗദി പൗരനാണ് സ്വരൂപിച്ച് നല്കിയത്.
ഹാദി അൽഖഹ്താനി എന്ന സൗദി പൗരൻ തൻറെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിലൂടെ സഹായാഭ്യർഥനയുമായി മുന്നോട്ട് വന്നപ്പോഴാണ് മോചനവും കാത്ത് യു.പി സ്വദേശി സൗദി ജയിലിൽ കഴിയുന്ന വിവരം പുറംലോകം അറിയുന്നത്. 4 പേർ മരിച്ച വാഹനാപകടത്തിന് കാരണക്കാരനായി കോടതി കണ്ടെത്തിയ അവദേശ് സാഗർ 9,45,000 സൗദി റിയാൽ അഥവാ രണ്ട് കോടിയോളം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. ഇതിന് കഴിയാതെ ദരിദ്ര കുടുംബത്തിൽ പെട്ട അവദേശ് സാഗർ കഴിഞ്ഞ നാലര വർഷമായി ജയിലിലായിരുന്നു. സൗദി പൌരൻറെ സഹായാഭ്യർഥനക്ക് മികച്ച പ്രതികരണം ലഭിച്ചു. 10 ദിവസം കൊണ്ട് നഷ്ടപരിഹാരത്തുക മുഴുവനും ലഭിച്ചു. സ്വദേശികളായിരുന്നു സഹായിച്ചവരിൽ കൂടുതലും. കരുണ വറ്റാത്ത സൗദി പൌരന്മാർ നല്കിയ സഹായധനം കോടതിയിൽ കെട്ടിവെച്ചതോടെ അവദേശ് സാഗർ കഴിഞ്ഞ ദിവസം ജയിൽ മോചിതനായി.
കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനത്തിലെ ഡ്രൈവർ ആയിരുന്നു അവദേശ് സാഗർ. റിയാദിൽ നിന്നും അബഹയിലേക്കുള്ള വഴിയിൽ റിനി എന്ന പ്രദേശത്ത് വെച്ച് സൗദി കുടുംബം സഞ്ചരിച്ച പിക്കപ്പ് വാഹനവുമായി അവദേശ് ഓടിച്ച വാഹനം കൂട്ടിയിടിച്ചു. 3 സ്ത്രീകളും ഒരു പുരുഷനും മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇൻഷുറൻസ് ഇല്ലാത്തത് കൊണ്ട് തന്നെ കോടതി വിധിച്ച നഷ്ടപരിഹാരത്തുക അവദേശ് തന്നെ നല്കേണ്ട സാഹചര്യമുണ്ടായി. ഒരു പോലീസുകാരനിൽ നിന്നു ഈ വിവരമറിഞ്ഞ ഹാദി അൽ ഖഹ്താനി സ്നാപ്പ് ചാറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങി തൻറെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ വഴി സഹായം അഭ്യർഥിക്കുകയായിരുന്നു.
നാട്ടിൽ വീട് ഇല്ലാത്ത വരാണസി ജാൻപൂർ സ്വദേശി അവദേശ് സാഗറിന് സ്വന്തമായി വീട് വെച്ചു നൽകാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഹാദി അൽഖഹ്താനി. ഹാദിയുടെ കരുണ വറ്റാത്ത സ്നേഹത്തിന് ഇന്ത്യൻ സമൂഹത്തിൻറെ നന്ദി അറിയിച്ച ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം അംഗം അഷ്രഫ് കുറ്റിച്ചൽ ഉപഹാരം കൈമാറുകയും ചെയ്തു. പ്രകാശൻ നാദാപുരം, അൻസാരി റഫീഖ്, ഹബീബുറഹ്മാൻ, രാധാകൃഷൻ കോഴിക്കോട് തുടങ്ങിയ ഓ.ഐ.സി.സി നേതാക്കളും ഹാദി, അവദേശ് എന്നിവരെ സന്ദർശിച്ചു. സൗദി പൌരന്മാരുടെ പ്രവാസികളോടുള്ള സ്നേഹത്തിൻറെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഈ സഹായം.