കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് കെ സുധാകരൻ
കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ മാനദണ്ഡം നിശ്ചയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംസ്ഥാന നേതാക്കൾ കൂടിയാലോചിച്ച് മാനദണ്ഡങ്ങൾക്ക് രൂപം നൽകും. അതിന്റെ അടിസ്ഥാനത്തിൽ നാളെ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും
കെ മുരളീധരൻ സോണിയ ഗാന്ധിക്ക് കത്ത് നൽകിയതിൽ തെറ്റില്ല. കോൺഗ്രസിൽ എല്ലാക്കാലത്തും എതിരഭിപ്രായങ്ങൾ ഉയരാറുണ്ട്. യുവാക്കളെ പരിഗണിക്കണമെന്നാണ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ആവശ്യപ്പെട്ടത്. ലിജു മാത്രമല്ല, മറ്റ് ചിലരുടെ പേരുകളും സ്ഥാനാർഥി പട്ടികയിലുണ്ടെന്ന് സുധാകരൻ പറഞ്ഞു
എം ലിജുവിനെ സ്ഥാനാർഥിയാക്കാനാണ് കെ സുധാകരൻ താത്പര്യപ്പെടുന്നത്. എന്നാൽ സുധാകരന്റെ നീക്കം തുടക്കത്തിലെ നുള്ളാനുള്ള ശ്രമമാണ് കെ സി വേണുഗോപാൽ പക്ഷവും കെ മുരളീധരനും നടത്തുന്നത്. രണ്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ഒറ്റ യോഗം കൊണ്ട് സിപിഎമ്മും സിപിഐയും നിശ്ചയിച്ചുവെങ്കിൽ കോൺഗ്രസിൽ ഒരു സീറ്റിലേക്കുള്ള സ്ഥാനാർഥിയെ നിശ്ചയിക്കാൻ ഗ്രൂപ്പ് വഴക്കും കുതികാൽവെട്ടുമൊക്കെ തുടരുകയാണ്.