‘ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം’; സ്വപ്‌നയുമായുള്ള ശിവശങ്കറിന്റെ വാട്‌സ്ആപ് ചാറ്റ് നിര്‍ണായക തെളിവാക്കാന്‍ ഇ.ഡി
ലൈഫ് മിഷന്‍ കോഴക്കേസില്‍ വാട്‌സ്ആപ് ചാറ്റ് നിര്‍ണായക തെളിവാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരാറിലെ കള്ളപ്പണം വരുന്നതിന് തൊട്ടുമുന്‍പുള്ളതാണ് ചാറ്റെന്ന് ഇ.ഡി വ്യക്തമാക്കുന്നു. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദേശമാണ് ചാറ്റില്‍ എം ശിവശങ്കര്‍ സ്വപ്‌ന സുരേഷിന് നല്‍കുന്നത്. 2019 ജൂലൈ 31നാണ് ചാറ്റ് നടന്നിരിക്കുന്നത്.
വാട്‌സ്ആപ് ചാറ്റ് കേസില്‍ നിര്‍ണായക തെളിവാക്കി മുന്നോട്ടുപോകാനാണ് ഇ.ഡിയുടെ തീരുമാനം. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ഒന്നിലും കാര്യമായി ഇടപെടാതെ ഒഴിഞ്ഞുനില്‍ക്കണമെന്നും ശിവശങ്കര്‍ ചാറ്റില്‍ പറയുന്നു. ‘എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ എല്ലാം സ്വപ്‌നയുടെ തലയിലിടു”മെന്നുമെന്നും ശിവശങ്കര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘എല്ലാം ശ്രദ്ധിച്ചുകൊള്ളാം, സരിത്തും ഖാലിദും കാര്യങ്ങള്‍ നോക്കും’ എന്ന് സ്വപ്‌ന മറുപടിയും നല്‍കുന്നുണ്ട്. ചാറ്റ് നടന്ന 2019 ജൂലൈ 31നാണ് പിറ്റേ ദിവസമാണ് യൂണിടാക് ഉടമയായ സന്തോഷ് ഈപ്പന്‍ മൂന്ന് കോടി എട്ട് ലക്ഷം രൂപയുമായി കവടയിറില്‍ സ്വപ്‌ന സുരേഷിനെ കാണാനെത്തിയത്. സ്വപ്‌നയ്ക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി പറഞ്ഞതായും വാട്‌സ്ആപ് ചാറ്റില്‍ ശിവശങ്കര്‍ പറയുന്നു.
അതേസമയം ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തി. ലൈഫ് മിഷന്‍ ഇടപാടില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്നും എം ശിവശങ്കറിന് പിന്നില്‍ വമ്പന്‍ സ്രാവുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. അന്വേഷണ ഏജന്‍സി ശരിയായ വഴിയിലാണ്. എങ്ങനെയും സത്യം പുറത്തുകൊണ്ടുവരും. മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. സി എം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ പലതും പുറത്തുകൊണ്ടുവരുമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
എം. ശിവശങ്കറിനെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലായിരുന്നു ഇ.ഡിയുടെ പരാതി. അതേ സമയം ഇഡി പറയുന്നത് പോലെ മൊഴി നല്‍കാന്‍ താന്‍ ഒരുക്കമല്ല എന്നാവര്‍ത്തിക്കുകയാണ് എം ശിവശങ്കര്‍. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് തനിക്ക് കോഴയൊന്നും ലഭിച്ചിട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. എന്തായാലും മറ്റ് പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകും.