Friday, October 18, 2024
Top News

സ്വര്‍ണക്കടത്ത് കേസില്‍ ഏറ്റവും നിര്‍ണായക തെളിവ് : ശിവശങ്കറിന്റെ വാട്‌സ്ആപ്പ് സന്ദേശം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഏറ്റവും നിര്‍ണായക തെളിവ്, ശിവശങ്കറിന്റെ വാട്സ്ആപ്പ് സന്ദേശം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കുടുക്കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴി പുറത്ത്. ശിവശങ്കര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിന് വേണ്ടി ജോയിന്റ് അക്കൗണ്ട് തുറന്നതെന്നാണ് വേണുഗോപാല്‍ എന്‍ഫോഴ്സ്മെന്റിന് നല്‍കിയിരിക്കുന്ന മൊഴി. ജോയിന്റ് ലോക്കര്‍ തുറന്ന ശേഷം പണം നിക്ഷേപിച്ചത് അടക്കമുളള കാര്യങ്ങള്‍ മൊഴിയില്‍ വിശദീകരിക്കുന്നുണ്ട്. ലോക്കര്‍ തുറക്കുന്നതിന് രണ്ട് ദിവസം മുമ്പ് ശിവശങ്കര്‍ സ്വപ്ന സുരേഷുമായി തന്റെ വീട്ടിലെത്തിയാണ് പണം കൈമാറിയതെന്നാണ് വേണുഗോപാല്‍ പറയുന്നത്.

 

പണം കൈമാറിയതിന് ശേഷമുളള ചര്‍ച്ചകളിലും ശിവശങ്കര്‍ സ്വപ്നയ്ക്കൊപ്പം പങ്കെടുത്തു. സ്വപ്ന സുരേഷിനെ വേണുഗോപാലിന് പരിചയപ്പെടുത്തിയ ശേഷം താന്‍ അവിടെനിന്ന് മടങ്ങിയെന്നാണ് ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ശിവശങ്കറിന്റെ മൊഴി പൂര്‍ണമായും തളളുകയാണ് വേണുഗോപാല്‍. മുഴുവന്‍ സമയവും ചര്‍ച്ചയില്‍ ശിവശങ്കര്‍ ഉണ്ടായിരുന്നുവെന്ന് വേണുഗോപാല്‍ പറയുന്നു.

 

തനിക്ക് പണമടങ്ങിയ ബാഗ് കൈമാറിയത് സ്വപ്ന സുരേഷാണ്. അതിന് മുമ്പ് ശിവശങ്കര്‍ വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. അതില്‍ 35 ലക്ഷം രൂപ അയക്കുന്നു എന്നകാര്യം പറഞ്ഞിരുന്നു. എന്നാല്‍ മുപ്പത് ലക്ഷം രൂപ മാത്രമാണ് വന്നത്. ലോക്കര്‍ തുറന്ന് പണം നിക്ഷേപിച്ച ശേഷം ശിവശങ്കറിന് താന്‍ വാട്സാപ്പ് സന്ദേശം അയച്ചെന്നും തിരികെ അദ്ദേഹം നന്ദി പറഞ്ഞുവെന്നും വേണുഗോപാല്‍ പറയുന്നു.

Leave a Reply

Your email address will not be published.