Thursday, January 23, 2025
Kerala

സ്വപ്‌നയുമായുള്ള വാട്‌സ് ആപ് ചാറ്റുകള്‍ പ്രധാന തെളിവായി; ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് ഇ.ഡി

ലൈഫ് മിഷന്‍ കോഴക്കേസില്‍ എം.ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ ആകെ എട്ട് പേരെയാണ് ഇ.ഡി പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. എം ശിവശങ്കര്‍ അഞ്ചാം പ്രതിയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റുകള്‍ പ്രധാന തെളിവായെന്നും ഇ.ഡി വ്യക്തമാക്കി. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണുകളും കോഴയ്ക്ക് തെളിവായെന്ന് ഇഡി വ്യക്തമാക്കി.

അറസ്റ്റിന് ശേഷം വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ എം ശിവശങ്കറിനെ വീണ്ടും ഇ ഡി ഓഫീസില്‍ എത്തിച്ചു. വിശദമായ റിമാന്‍ഡ് റിപ്പോര്‍ട്ട് നല്‍കിയ ശേഷമേ ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലെത്തിക്കൂ.

ശിവശങ്കറിനെ കൂടാതെ തിരുവനന്തപുരം സ്വദേശി യദൃകൃഷ്ണയെയും ഇ.ഡി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇയാള്‍ക്ക് മൂന്ന് ലക്ഷം കോഴ ലഭിച്ചെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

അതേസമയം എം ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം. ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ശിവശങ്കര്‍ ഇടതുമുന്നണിയുടെ ഭാഗമല്ലെന്നും അന്വേഷണം സര്‍ക്കാരിനെ ബാധിക്കില്ലെന്നുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം

എം ശിവശങ്കര്‍ സര്‍വീസില്‍ ഇല്ലെങ്കിലും, അറസ്റ്റില്‍ സര്‍ക്കാരും പ്രതിരോധത്തിലാണ്. ഓഫീസിലെ ഉന്നതന്റെ നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയെന്ന് പ്രതിപക്ഷം ആവര്‍ത്തിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *