ലൈംഗികാരോപണ കേസ്; എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച
ലൈംഗികാരോപണ കേസില്‍ പെരുമ്പാവൂര്‍ എംഎ എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വ്യാഴാഴ്ച വിധി പറയും. എംഎല്‍എക്ക് ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പരാതിക്കാരി നിരവധി കേസുകളില്‍ പ്രതിയാണെന്നും എല്‍ദോസിന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനുളള ഗൂഢാലോചനയുടെ ഭാഗമാണ് നിലവിലെ ആരോപണമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് തന്നെ വിധി പറയുമെന്നായിരുന്നു പ്രതീക്ഷ. ജാമ്യം നിഷേധിച്ചാല്‍ അറസ്റ്റിനുളള തയ്യാറെടുപ്പുകള്‍ ക്രൈംബ്രാഞ്ചും നടത്തിയിരുന്നു. എന്നാല്‍, കേസില്‍ വിശദവാദം കേട്ട കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഈ മാസം 20 ലേക്ക് മാറ്റുകയായിരുന്നു.
മറ്റുചിലരുടെ പേരുകള്‍ യുവതിയുടെ മൊഴിയിലുണ്ട്. ഇക്കാര്യങ്ങളില്‍ പ്രധാന തെളിവുകള്‍ ശേഖരിക്കണം. കോവളം സിഐക്കെതിരെയും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തു. ആര്‍ക്കോ വേണ്ടിയാണ് എസ് എച്ച ഒ കേസ് എടുക്കുന്നത് വൈകിപ്പിച്ചതെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍, യുവതിയുടെ മുന്‍കാല പശ്ചാത്തലം ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഭാഗം കോടതിയില്‍ പ്രതിരോധം തീര്‍ത്തത്.
ദേഹോപ്രദവം എന്ന പേരില്‍ നല്‍കിയ പരാതിയില്‍ പിന്നീട് ലൈംഗികാതിക്രമം ഉള്‍പ്പെടുത്തിയതില്‍ ഗൂഢാലോചനയുണ്ട്. എല്‍ദോസിന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനുളള നീക്കമാണ് പിന്നില്‍. പലര്‍ക്കുമെതിരെ പീഡന പരാതി ഉന്നയിച്ച് പണം തട്ടിയിട്ടുളള പരാതിക്കാരി നിരവധിക്കേസുകളില്‍ പ്രതിയാണെന്നും എല്‍ദോസ് കോടതിയില്‍ വാദിച്ചു. പരാതിക്കാരി പ്രതിയും വാദിയുമായ കേസുകളുടെ രേഖകളും എല്‍ദോസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.
എം എല്‍ എ ഒളിവില്‍ അല്ലെന്നും ഏത് സമയത്തും കോടതിയില്‍ ഹാജരാകാന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു. എല്‍ദോസ് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായും പരാതിക്കാരി അന്വേഷണ ഉദ്യോഗസ്ഥനും മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയിട്ടുണ്ട്. എല്‍ദോസിന് വിശദീകരണം നല്‍കാന്‍ കെപിസിസി അന്ത്യശാസനം നല്‍കിയിരിക്കുന്ന ഈ മാസം 20 ന് തന്നെ ജാമ്യാപേക്ഷയില്‍ കോടതിവിധി പറയുമെന്നതും ശ്രദ്ധേയമാണ്.