വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; അഞ്ച് പ്രതികളെ റിമാന്‍ഡില്‍ വിട്ടു
കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികളും റിമാന്‍ഡില്‍. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കൂടുതല്‍ പ്രതികളെ പിടികൂടാനുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു
പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് കോളജ് ജീവനക്കാരും മൂന്ന് സുരക്ഷാ ഏജന്‍സി ജീവനക്കാരുമാണ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്. എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവര്‍ മാര്‍ത്തോമ കോളജിലെ ശുചീകരണ ജീവനക്കാരും ഗീതു, ജോത്സന, ബീന എന്നിവര്‍ സ്റ്റാര്‍ സുരക്ഷാ ഏജന്‍സി ജീവനക്കാരുമാണ്.
ഒപ്പം ആയൂര്‍ കോളജിനകത്ത് കയറി കെട്ടിടത്തിന്റെ ജനലുകള്‍ അടിച്ചു തകര്‍ത്ത കേസില്‍അറസ്റ്റിലായ എബിവിപി നേതാവിനെയും കടയ്ക്കല്‍ കോടതി റിമാന്‍ഡ് ചെയ്തു. എബിവിപി കൊല്ലം സംഘടനാ സെക്രട്ടറി കെ.എം.വിഷ്ണുവാണ് റിമാന്‍ഡിലായത്.
പരീക്ഷാ സുരക്ഷയില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ചത്. ഇന്നലെ കോളജില്‍ എത്തിയ സൈബര്‍ പൊലീസ് സംഘം പരിശോധനയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ അധികൃതര്‍ക്ക് സംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.