പലയിടത്തും ജാഗ്രതക്കുറവ് കാണുന്നു; തെറ്റായ പ്രചാരണവും നടക്കുന്നുവെന്ന് മുഖ്യമന്ത്രി
കൊവിഡ് പ്രതിരോധത്തിൽ ഓരോ ആൾക്കും വലിയ ചുമതലയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പലയിടത്തും ജാഗ്രതക്കുറവ് കാണുന്നുണ്ട്. മഹാമാരിയെ ചെറുക്കാനുള്ള പ്രോട്ടോക്കോൾ പാലിക്കണം. ബ്രേക്ക് ദ ചെയിൻ, മാസ്‌ക്, അകലം പാലിക്കൽ എല്ലാം ആവർത്തിക്കുന്നത് കൂടുതൽ അപകടം വരുത്താതിരിക്കാനാണ്
മാസ്‌ക് ധരിക്കണമെന്ന് പൊതുധാരണയുണ്ട്. എന്നാൽ നിരവധി പേരെ മാസ്‌ക് ധരിക്കാതെ പിടിക്കുന്നുണ്ട്. 5901 പേരെ ഇന്ന് ഇങ്ങനെ പിടികൂടി. ഒമ്പത് പേർക്കെതിരെ ക്വാറന്റൈൻ ലംഘനത്തിന് കേസെടുത്തു. സ്വയം നിയന്ത്രണം പാലിക്കാൻ പലർക്കും മടിയാണ്. തെറ്റായ പ്രചാരണവും നടക്കുന്നുണ്ട്.
ആശങ്ക തുടരുന്ന സ്ഥിതായണ്. രോഗവ്യാപനം അനിയന്ത്രിതമായെന്ന് പ്രചാരണം നടക്കുന്നു. മുൻകരുതൽ പാലിക്കുന്നതിൽ കാര്യമില്ലെന്നും വരുന്നിടത്ത് കാണാമെന്നും പ്രചാരണമുണ്ട്. ഇത് അപകടകരമാണ്. ഇപ്പോൾ രോഗവ്യാപനം വർധിച്ചിട്ടുണ്ട്. പക്ഷേ സമൂഹമെന്ന നിലയിൽ നല്ല നിലയിൽ പ്രതിരോധിക്കാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു