വാർഡുതല സമിതികൾ പലയിടത്തും നിർജീവം: അലംഭാവം വെടിയണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് വാർഡുതല സമിതികൾ പലയിടത്തും നിർജീവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അലംഭാവം വെടിഞ്ഞ് മുഴുവൻ വാർഡുകളിലും സമിതി ഉണ്ടാക്കണം. ആംബുലൻസ് ഇല്ലെങ്കിൽ പകരം വാഹനം സജ്ജമാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു
ആദ്യഘട്ടത്തിൽ വാർഡുതല സമിതി നന്നായി പ്രവർത്തിച്ചു. ഇപ്പോൾ പലയിടത്തും വാർഡുതല സമിതി സജീവമല്ല. ഇപ്പോഴും ആരംഭിച്ചിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളുണ്ട്. അലംഭാവം വെടിഞ്ഞ് എല്ലാ വാർഡുകളിലും സമിതി രൂപീകരിക്കണം. ഈ സമിതി അംഗങ്ങൾ വാർഡുകളിലെ വീടുകൾ സന്ദർശിച്ച് വിലയിരുത്തൽ നടത്തണം. വ്യാപനത്തിന്റെ ശരിയായ നില മനസ്സിലാക്കി തദ്ദേശ സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യണം.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ കൃത്യമായി നിരീക്ഷിച്ചാൽ മരണനിരക്ക് കുറയ്ക്കാനാകും. ബോധവത്കരണം പ്രധാനമാണ്. ഓരോ വ്യക്തിയും കുടുംബവും സ്വീകരിക്കേണ്ട മുൻകരുതലിനെ കുറിച്ച് ബോധവത്കരണം ആവശ്യമാണ്. ഉത്തരവാദിത്വം വാർഡുതല സമിതി ഏറ്റെടുക്കണം. സമൂഹമാധ്യമ കൂട്ടായ്മ വഴി ഇത് ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു