Tuesday, January 7, 2025
Kerala

സ്ഥിതി കൂടുതൽ രൂക്ഷമാകുന്നു; സമ്പൂർണ ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

 

കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം രൂക്ഷമായ ജില്ലകളിലാണ് ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരിക. ഇപ്പോൾ അടച്ചിടാൻ തീരുമാനിച്ചിട്ടില്ല. എന്നാൽ രോഗവ്യാപനം ഇനിയും വർധിച്ചാൽ ലോക്ക് ഡൗൺ കൂടി ആലോചിക്കേണ്ടി വരും

ഹോട്ടലുകളിൽ പാഴ്‌സൽ മാത്രമേ അനുവദിക്കൂ. ചരക്കുനീക്കം ഉറപ്പാക്കും. എയർപോർട്ട്, റെയിൽവേ യാത്രക്കാർക്ക് തടസ്സമുണ്ടാകില്ല. ഓക്‌സിജനടക്കമുള്ള ആരോഗ്യ സാധനങ്ങളുടെ നീക്കത്തിനും തടസ്സമുണ്ടാകില്ല. ടെലികോം പ്രവർത്തനങ്ങളും നടത്താം. ബാങ്കുകൾ ഇടപാടുകൾ ഓൺലൈനാക്കണം. രണ്ട് മണിക്ക് ശേഷമുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കും

ആൾക്കൂട്ടം അനുവദിക്കില്ല. മരണം, വിവാഹം എന്നിവക്ക് നേരത്തെ അനുവദിച്ചതിൽ കൂടുതൽ ആളുകൾ പാടില്ല. റേഷൻ, സിവിൽ സപ്ലൈസ് കടകൾ തുറക്കും. നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കും. ആരാധനാലയങ്ങളിൽ 50 പേർക്ക് പ്രാർഥന നടത്താമെന്നത് എല്ലാ ആരാധനാലയങ്ങളിലും അങ്ങനെ ആകാമെന്ന് കരുതരുത്. വലിയ സൗകര്യമുള്ളിടത്ത് മാത്രമാണ് അമ്പത് പേർക്ക് അനുവാദം.

തെരഞ്ഞെടുപ്പ് ഫലം വരാൻ പോകുകയാണ്. വിജയം ആഘോഷിക്കാനുള്ള സമയമല്ല ഇതെന്ന് ഓർക്കണം. പൊതു സ്ഥലത്ത് ഡബിൾ മാസ്‌കിംഗ് ഉറപ്പാക്കുകയാണ് വേണ്ടത്. ഒരു സർജിക്കൽ മാസ്‌ക് ഉപയോഗിക്കുകയും മുകളിൽ തുണി മാസ്‌കുമാണ് ഉപയോഗിക്കേണ്ടത്. മാസ്‌കുകൾ ധരിക്കുന്നതിൽ അലംഭാവം അരുത്. ഓഫീസുകളിൽ കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *