നാവിക സേനാ മേധാവി കൊച്ചിയിൽ ; വിമാനവാഹിനിയുടെ പുരോഗതി വിലയിരുത്തും
കൊച്ചി: അഞ്ച് ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയ നാവിക സേനാ മേധാവി അഡ്മിറൽ കരംബിർ സിങ് കൊച്ചി കപ്പൽശാലയിൽ നിർമാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന വിമാനവാഹിനി കപ്പലിൻ്റെ നിർമാണ പുരോഗതി വിലയിരുത്തും. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനിയുടെ സീ ട്രയൽസിന് ഉടൻ തുടക്കമാകുമെന്ന സൂചനകൾക്കിടെയാണ് നാവികസേനാ മേധാവിയുടെ വരവ്. ഇന്ത്യൻ സമുദ്രാർത്തികളോട് ചേർന്ന് ചൈനീസ് സ്വാധീനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിമാനവാഹിനി കപ്പലുകൾ നിർമിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി 10ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് വന്നിറങ്ങിയ അഡ്മിറൽ കരംബിർ സിങിനെ ദക്ഷിണ നാവിക മേധാവി വൈസ് അഡ്മിറൽ എ.കെ.ചാവ് ലയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 18 വരെ കൊച്ചിയിൽ തങ്ങുന്ന അദ്ദേഹം ദക്ഷിണ നാവികസേനയുടെ ഓപ്പറേഷണലും പരിശീലനപരവുമായ പുരോഗതി വിലയിരുത്തും. നാവിക സേനയുടെയും കോസ്റ്റ് ഗാർഡിൻ്റെയും മുഴുവൻ സേനാംഗങ്ങളെയും പരിശീലിപ്പിക്കുന്നത് ദക്ഷിണ നാവിക സേനയാണ്. വിവിധ അടിസ്ഥാന വികസന പദ്ധതികളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തും.
ലക്ഷദ്വീപിൽ നാവിക സേന നടത്തുന്ന സൈനിക നിർമാണ പ്രവർത്തനവും ഇതിലുൾപ്പെടും. ചൈനീസ്- പാക് ഭീഷണിയുടെ സാഹചര്യത്തിൽ ലക്ഷദ്വീപിൽ നാവിക സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നാവിക സേനയെ സംബന്ധിച്ചിടത്തോളം ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾക്കൊപ്പം തന്ത്രപരമായ സൈനിക പ്രാധാന്യം ലക്ഷദ്വീപിനുണ്ട്.