അതിർത്തിയിൽ ഇന്ത്യൻ സേന വെടിയുതിർത്തതായി ചൈന; സ്ഥിരീകരിക്കാതെ കേന്ദ്രം
ഇന്ത്യ-ചൈനീസ് അതിർത്തിയിൽ വെടിവെപ്പ് നടന്നതായി ചൈന. ഇന്ത്യൻ സേനയാണ് ആദ്യം വെടിയുതിർത്തതെന്ന് ചൈനീസ് സേനാ വക്താവ് ഷാങ് ഷൂയി ആരോപിച്ചു. തിരിച്ചടിച്ചുവെന്നും ചൈന പറയുന്നു. എന്നാൽ ചൈനയുടെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
വാർത്തകൾ സത്യമെങ്കിൽ അതിർത്തിയിൽ 40 വർഷത്തിന് ശേഷമാണ് വെടിവെപ്പ് നടക്കുന്നത്. ഇന്ത്യയുടേത് ഗുരുതരമായ പ്രകോപനമാണെന്നും ചൈനീസ് സേന പറയുന്നു. ഫംഗർ ഏരിയ ഉൾപ്പെടെ ചൈനീസ് സേനയുടെ കടന്നുകയറ്റത്തെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി അതിർത്തിയിൽ സംഘർഷം തുടരുകയാണ്
ജൂണിൽ ഗാൽവാൻ താഴ് വരയിൽ നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും അതിർത്തിയിൽ വൻ സേനാ വിന്യാസമാണ് ഒരുക്കുന്നത്. ഇതിന് സമാന്തരമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സംഘർഷത്തിന് അയവ് വന്നിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയിൽ ഇന്ത്യൻ കര, വ്യോമ സേനാ മേധാവിമാർ സന്ദർശനം നടത്തിയിരുന്നു. ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ മോസ്‌കോയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലും സമാധാനം ഉറപ്പിക്കാൻ സാധിച്ചിട്ടില്ല.