ഏകീകൃത സിവില്‍ കോഡ് സെമിനാര്‍; കോണ്‍ഗ്രസിനെ ക്ഷണിക്കാത്തത് സംസ്ഥാന നേതൃത്വത്തോട് ചോദിക്കണമെന്ന് യെച്ചൂരി
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ പ്രതികരണവുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏകീകൃത സിവില്‍ കോഡ് തുല്യത കൊണ്ടുവരില്ലെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. കോണ്‍ഗ്രസിനെ സിപിഐഎം നടത്തുന്ന സെമിനാറിലേക്ക് ക്ഷണിക്കാത്തതിനെ കുറിച്ച് സംസ്ഥാന നേതൃത്വത്തോട് ചോദിക്കണം. ദേശീയ തലത്തിലെ പ്രതിഷേധത്തെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും ചേര്‍ത്തുള്ള പരിപാടിയെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി വ്യക്തമാക്കി.
ഏകീകൃത സിവില്‍ കോഡില്‍ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാര്‍ നാളെ നടക്കും. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് സ്വപ്ന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി. സീതാറാം യെച്ചൂരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. 15,000 പേര്‍ സെമിനാറില്‍ പങ്കെടുക്കുമെന്നാണ് സി.പി.ഐ.എം കണക്ക് കൂട്ടല്‍.
അതേസമയം വിഷയത്തില്‍ മുസ്ലീം ലീഗ് സെമിനാറില്‍ ക്ഷണിച്ചാല്‍ സിപിഐഎം പങ്കെടുക്കുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. സെമിനാറിന് എത്താത്തത് കൊണ്ട് ലീഗിനോട് വിരോധമില്ലെന്നും ട്വന്റിഫോര്‍ പ്രതിനിധി ദീപക് ധര്‍മ്മടത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നത് കൊണ്ടാണ് അതിനെ ഇഎംഎസ് എതിര്‍ത്തതെന്നും അതേ കാരണം കൊണ്ട് തന്നെയാണ് തങ്ങളും എതിര്‍ത്തതെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. ഇന്ത്യയിലെബഹുസ്വരതയും മതനിരപേക്ഷതയും ഇല്ലാതാക്കുന്നതാണ് ഏക സിവില്‍ കോഡ്. ഏക സിവില്‍ കോഡ് അടുത്ത ഇലക്ഷനെ ലക്ഷ്യം വച്ച് ബിജെപി എടുത്തിട്ട വിഷയമാണ്. ഏക സിവില്‍ കോഡ് മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന വിഷയം എന്ന് വരുത്തി തീര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടാകാം. എന്നാല്‍ ഇത് എല്ലാവരെയും ബാധിക്കുന്ന വിഷയമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.