പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രായപരിധിയില്ല; പദവിക്കാണ് പ്രായപരിധി; സിപിഐഎമ്മിനെതിരെ ഒളിയമ്പുമായി ജി സുധാകരൻ
പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രായപരിധി ഒന്നുമില്ലെന്നും പാർട്ടിയിൽ പദവിക്കാണ് പ്രായ പരിധിയെന്നും തനിക്ക് ആ പ്രായ പരിധി ആയിട്ടില്ലെന്നും ജി സുധാകരൻ. തന്നെ ഒഴിവാക്കിയത് പലരും അവസരമായി എടുത്തുവെന്നും അദ്ദേഹം തുറന്നടിച്ചു. ഹരിപ്പാട് സിബിസി വാര്യർ അവാർഡ് ദാന ചടങ്ങിലായിരുന്നു സുധാകരൻ്റെ പ്രസംഗം. ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സജി ചെറിയാൻ ചടങ്ങിനെത്തിയില്ല.
കഴിഞ്ഞ സിപിഐഎം സമ്മേളനത്തിലാണ് പ്രായപരിധിയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ജി സുധാകരനെ മാറ്റി നിർത്തിയത്. അമ്പലപ്പുഴയിൽ നിന്ന് മത്സരിക്കാനും പാർട്ടി അവസരം നിഷേധിച്ചിരുന്നു. എന്നാൽ പ്രായപരിധി കൊണ്ടല്ല താൻ എഴുതി കൊടുത്തതുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്നു ജി സുധാകരൻ ആവർത്തിച്ചു. എന്നാൽ തന്നെ ഒഴിവാക്കിയത് പലരും അവസരമായി എടുത്തു എന്നും അദ്ദേഹം തുറന്നടിച്ചു.
തോമസ് ഐസക്ക്, സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവരെ വേദിയിൽ ഇരുത്തിയായിരുന്നു സുധാകരൻ്റെ പ്രസംഗം.
ആലപ്പുഴയിലെ വിഭാഗീയതയിൽ അന്വേഷണ കമ്മീഷൻ കുറ്റക്കാർ എന്ന് കണ്ടെത്തിയവർക്കെതിരെ അച്ചടക്ക നടപടി റിപ്പോർട്ട് ചെയ്യാൻ അടുത്തയാഴ്ച സെക്രട്ടറി എം വി ഗോവിന്ദൻ എത്താനിരിക്കയാണ് ഒരുകാലത്ത് ആലപ്പുഴ സിപിഐഎമ്മിനെ അടക്കി വാണിരുന്ന ജി സുധാകരന്റെ തുറന്നുപറച്ചിൽ.