Tuesday, January 7, 2025
Kerala

‘രാഷ്ട്രീയ ഗുണ്ടകള്‍ പൊതുസമൂഹത്തിന് ബാധ്യത’; സിപിഐഎമ്മിനെതിരെ ഒളിയമ്പുമായി എഐവൈഎഫ്

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സിപിഐഎമ്മിനെതിരെ ഒളിയമ്പുമായി എഐവൈഎഫ്. രാഷ്ട്രീയ ഗുണ്ടകള്‍ പൊതുസമീഹത്തിന് ബാധ്യതയാകുമെന്നാണ് എഐവൈഎഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ചൂണ്ടിക്കാട്ടല്‍. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ അത്ഭുതപ്പെടുത്തുകയാണ്. അധോലോകത്ത് മാത്രം കെട്ടുകേള്‍വിയുള്ള ക്വട്ടേഷന്‍ കൊടുത്ത് ആളെ കൊല്ലിക്കുക എന്ന പറയുന്ന ക്രൂരത പൊതുപ്രവര്‍ത്തനത്തിന്റെ മറവില്‍ നടന്നു. കുറ്റാരോപിതരായ ആളുകളെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരെക്കാള്‍ വലിയ ദുരന്തം പ്രതികളാകുന്ന യുവാക്കളാണ് എന്നും എഐവൈഎഫ് ചൂണ്ടിക്കാട്ടി.

‘ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങളില്‍ യാഥാര്‍ത്ഥ്യമുണ്ടെങ്കില്‍ കുറ്റാരോപിതരായ മുഴുവന്‍ ആളുകളെയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. പൊതുവേ ഇപ്പോള്‍ സമാധാനം നിലനില്‍ക്കുന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തുടര്‍ന്നും ഇത്തരം സമാധാനങ്ങള്‍ നിലനിര്‍ത്താന്‍ അത് ഉപകരിക്കും. രാഷ്ട്രീയ ഗുണ്ടകള്‍ പിന്നീട് പൊതു സമൂഹത്തിന് ബാധ്യത ആയി മാറും എന്ന കാര്യം എഐവൈഎഫ് നേരത്തെ സൂചിപ്പിച്ചതാണ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരെക്കാള്‍ വലിയ ദുരന്തം ഇതില്‍ പ്രതികള്‍ ആകുന്ന യുവാക്കളാണ്.

ചെറുപ്രായത്തില്‍ അക്രമരാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്ന നേതാക്കന്മാരുടെ ഉപദേശം സ്വീകരിച്ച് കൊലപാതകത്തില്‍ പ്രതിയാകുന്ന ചെറുപ്പക്കാര്‍ പിന്നീട് ആ കുടുംബത്തിന് തന്നെ തീരാനഷ്ടമായി തീരുന്ന അവസ്ഥയാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ കേസില്‍ പ്രതികളായി വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ് തിരിച്ചുവരുന്ന ചെറുപ്പക്കാര്‍ പിന്നീട് മറ്റ് അധാര്‍മികമായ സ്വര്‍ണക്കടത്തുമാഫിയ, മയക്കുമരുന്ന് മാഫിയ ക്വട്ടേഷന്‍ സംഘങ്ങളായി പരിവര്‍ത്തനം ചെയ്യുന്നതായിട്ടാണ് കാണാന്‍ കഴിയുന്നത്.

യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ കൊലപാതകം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ഇരകളെക്കാള്‍ അപ്പുറം പ്രതികളിലേക്കും പടര്‍ന്നിരിക്കുകയാണ്. നാടിന്റെ സമാധാനത്തിന് ഭംഗം വരുത്തുന്ന ക്രിമിനല്‍ സംഘത്തിന് അറുതി വരുത്താന്‍ പൊതു സമൂഹം തയ്യാറാകണം’. എഐവൈഎഫ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *