രാഹുൽ ഗാന്ധിയാണ് ഇവിടെ പ്രശ്നം, പിന്തുണ അദ്ദേഹത്തിന് അല്ലെങ്കിൽ ആർക്കെന്ന് ഗോവിന്ദൻ മാഷ് വ്യക്തമാക്കണം; കെ.സുധാകരൻ
പിന്തുണ രാഹുൽ ഗാന്ധിക്കല്ല അദ്ദേഹത്തിന് നേരെ കേന്ദ്രം സ്വീകരിച്ച സമീപനത്തിനെയാണ് പാർട്ടി എതിർക്കുന്നതെന്ന് പറഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഐഎമ്മിന്റെ പിന്തുണ ഞങ്ങളാരും മോഹിച്ചിട്ടില്ല, പ്രതീക്ഷിച്ചിട്ടുമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ആർക്ക് അനുകൂലമായാണ് എംവി ഗോവിന്ദൻ പ്രസ്താവന നടത്തിയതെന്ന് കെ സുധാകരൻ ചോദിച്ചു. രാഹുൽ ഗാന്ധിയാണ് ഇവിടെ പ്രശ്നം, ചർച്ച രാഹുൽ ഗാന്ധിയുടെ അംഗത്വമാണ്. പിന്തുണ രാഹുൽ ഗാന്ധിക്ക് അല്ലെങ്കിൽ ആർക്കെന്ന് ഗോവിന്ദൻ മാഷ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാഹുലിന് അല്ല പിന്തുണ എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ബുദ്ധിക്ക് സാരമായ പ്രശ്നമുണ്ട്. പൊലീസിന്റെ അക്രമത്തിനും കേസിനും ഉത്തരം പറയേണ്ടത് ഇടതുപക്ഷമാണ്. ഗോവിന്ദൻ മാഷ് മറുപടി പറയണം, സിപിഐഎമ്മും മറുപടി പറയണമെന്ന് കെ സുധാകരൻ പറഞ്ഞു. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐഎമ്മിന്റെ പ്രധാന എതിരാളി ബിജെപിയാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. പശ്ചിമ ബംഗാളിലും ബിജെ പി തന്നെയാണ് എതിരാളി. ഓരോ സംസ്ഥാനത്തിലെയും ബിജെപിവിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാണ് നീക്കം. പിന്തുണ രാഹുൽ ഗാന്ധിക്കല്ല. അദ്ദേഹത്തിന് നേരെ കേന്ദ്രം സ്വീകരിച്ച സമീപനത്തിനെയാണ് പാർട്ടി എതിർക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെ ആർഎസ്എസ് പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉപയോഗിക്കുന്നുവെന്ന് എം വി ഗോവിന്ദൻ ആരോപിച്ചിരുന്നു.
കേരളത്തിൽ കോൺഗ്രസിനെതിരായ നിലപാടുകളിൽ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് കോൺഗ്രസിനെ അതിശക്തമായി എതിർത്തുകൊണ്ട് തന്നെ പാർട്ടി മുന്നോട്ട് പോകും. അതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. സിപിഎം ഇപ്പോൾ എടുക്കുന്ന നിലപാട് കോൺഗ്രസിനെ സഹായിക്കുമോ എന്നതല്ല. ജനാധിപത്യ സംവിധാനത്തിന് മുന്നോട്ടുപോകാനുള്ള വഴിയൊരുക്കുകയാണ് രാഷ്ട്രീയപാർട്ടിയെന്ന നിലയിൽ ചെയ്യുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.