വാർഷിക വായ്പയിൽ കേന്ദ്രത്തിന്റെ വെട്ട്; ഇനി നിയമപോരാട്ടം, സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരള സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വാർഷിക വായ്പ വെട്ടിക്കുറയ്ക്കുന്നതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുന്നു. മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. നടപ്പുവർഷം ഫിനാൻസ് കമ്മീഷൻ തീർപ്പു പ്രകാരം കേരളത്തിന് സംസ്ഥാന ജിഡിപിയുടെ മൂന്ന് ശതമാനം വായ്പയെടുക്കാൻ അവകാശമുണ്ട്. പാർലമെന്റ് അംഗീകരിച്ച ആക്ഷൻ ടേക്കൺ റിപ്പോർട്ടിലും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ കേരളത്തിന് രണ്ട് ശതമാനം വായ്പയെടുക്കാനുള്ള അവകാശമേയുള്ളൂവെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇത്തരത്തിൽ കേന്ദ്ര സർക്കാരിനു വായ്പാ പരിധി വെട്ടിക്കുറയ്ക്കാൻ അവകാശമുണ്ടോ എന്നതാണു ചോദ്യമെന്നും തോമസ് ഐസക് കുറിപ്പിൽ പറയുന്നു. 13ന് കേരള സർക്കാർ പുറത്തിറക്കിയ ഉത്തരവു പ്രകാരം സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സുപ്രീം കോടതിയെ സമീപിക്കുന്നതിനും കെ.കെ. വേണുഗോപാലിനെ നിയമോപദേശത്തിനു സമീപിക്കുന്നതിനും അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായ്പാ പരിധി വെട്ടിക്കുറക്കലിൽ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിരുന്നു. കത്തിനും കേന്ദ്ര അനുകൂല മറുപടി നൽകാത്തതോടെയാണ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയാണ് കേന്ദ്ര സര്‍ക്കാർ വെട്ടിച്ചുരുക്കിയത്. 32440 കോടി രൂപ വായ്പ പരിധി നിശ്ചയിച്ച് നൽകിയിരുന്നെങ്കിലും 15390 കോടി രൂപക്ക് മാത്രമാണ് അനുമതിയുള്ളത്.
കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് നടപടി. സംസ്ഥാനങ്ങൾക്ക് എടുക്കാവുന്ന വായ്പാ പരിധി ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തിൽ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച് നൽകുന്നതാണ്. നേരത്തെ കേന്ദ്രം 32440 കോടി രൂപ പരിധി നിശ്ചയിച്ച് നൽകിയെങ്കിലും വായ്പ എടുക്കാൻ അനുമതി നൽകിയത് 15390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടി രൂപയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാൽ വീണ്ടും 8000 കോടി രൂപയുടെ കുറവുണ്ടായി.