കെ എസ് ഇ ബി ചെയർമാന്റെ ആരോപണം: മന്ത്രിക്ക് പറയാനുള്ളത് പറയിപ്പിച്ചതാണോയെന്ന് എംഎം മണി
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ എസ് ഇ ബിക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയെന്ന ചെയർമാൻ ഡോ. ബി അശോകിന്റെ ആരോപണങ്ങൾക്കെതിരെ വിമർശനവുമായി വൈദ്യുതി വകുപ്പ് മുൻ മന്ത്രി എംഎം മണി. വൈദ്യുതി ബോർഡ് ചെയർമാൻ അശോകൻ അങ്ങനെ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് മണി ചോദിച്ചു. മന്ത്രി അറിഞ്ഞാണോ അങ്ങനെ പറഞ്ഞത്. അതോ മന്ത്രിക്ക് പറയാനുള്ളത് പുള്ളിയെ കൊണ്ട് പറയിപ്പിച്ചതാണോയെന്നും എംഎം മണി ചോദിച്ചു
മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ പ്രതികരണം നടത്താം. അല്ലാതെ പറഞ്ഞതിനെല്ലാം ഇപ്പോൾ മറുപടി പറയാനില്ല. താൻ മന്ത്രിയായിരിക്കെ ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവർത്തനം നടത്തി. വൈദ്യുതി ഉത്പാദനം വർധിപ്പിച്ചു. നാലര വർഷമാണ് താൻ മന്ത്രിയായിരുന്നത്. അത് കെ എസ് ഇ ബിയുടെ സുവർണകാലമായിരുന്നുവെന്നും മണി പറഞ്ഞു