കെ ഫോൺ പദ്ധതി നടപ്പാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് മന്ത്രി എംഎം മണി
കെ ഫോൺ പദ്ധതി നടപ്പാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് വൈദ്യുതി മന്ത്രി എം എം മണി. പദ്ധതി നടപ്പാക്കണമെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതി ഒരു വിഭാഗം മാത്രം അനുഭവിച്ചാൽ പോര. എല്ലാ വിഭാഗത്തിനും എല്ലാ വീടുകൾക്കും ലഭിക്കണമെന്നതാണ് കെ ഫോണിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു
25 ലക്ഷം കുടുംബങ്ങൾക്ക് പദ്ധതി സൗജന്യമായി ലഭിക്കും. ബാക്കിയുള്ളവർക്ക് മിനിമം നിരക്കിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. വികസനത്തിന്റെ കാര്യത്തിൽ ചെയ്യാൻ സാധിക്കുന്നതൊക്കെ ചെയ്യുന്നുണ്ട്. ഈ സർക്കാർ വന്ന് സബ് സ്റ്റേഷനുകൾ ഉൾപ്പെടെ ഒരുപാട് സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്തു. പുതിയ പദ്ധതികളും നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ സർക്കാർ വേണ്ടെന്നുവെച്ച പള്ളിവാസൽ എകസ്റ്റൻഷൻ പദ്ധതിയുടെ നിർമാണടക്കം നടന്നുകൊണ്ടിരിക്കുകയാണ്
അമ്പത് വർഷത്തേക്ക് വൈദ്യുതി വിതരണ രംഗത്ത് പ്രശ്‌നം വരാതെ നോക്കുകയെന്ന ലക്ഷ്യമാണ് വൈദ്യുതി വകുപ്പിനും സർക്കാരിനുമുള്ളത്. കൂടംകുളം വൈദ്യുതി ലൈൻ പൂർത്തീകരിച്ചത് വലിയ ഗുണം ചെയ്തു. എൻഇഡി ബൾബുകളും റ്റിയൂബുകളും പരമാവധി സ്ഥാപിച്ച് ഊർജം ലാഭിക്കുകയെന്ന ലക്ഷ്യവും വകുപ്പിനുണ്ടെന്ന് മന്ത്രി പറഞ്ഞു.