ഗവർണർക്ക് ആർഎസ്എസ് അജണ്ട; സർക്കാർ ഗവർണറോട് മാന്യത കാണിക്കുന്നുണ്ട്; മന്ത്രി ആർ ബിന്ദു
കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗം അടുത്ത മാസം നാലിന് വീണ്ടും ചേരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാർ ഗവർണറോട് മാന്യത കാണിക്കുന്നുണ്ട്. സർക്കാർ സംയമനം പാലിക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
ഗവർണർക്ക് ആർഎസ്എസ് അജണ്ടയാണ്. തീരുമാനിക്കുന്നത് നടപ്പാക്കാം. സർവകലാശാല പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ട ഉത്തരവാദിത്തം ഗവർണർക്കുണ്ട്. സർവകലാശാല നിയമഭേദഗതി ബിൽ തടഞ്ഞുവച്ചയാളാണ് ഗവർണറെന്ന് മന്ത്രി കുറ്റപ്പെടുത്തി. ക്വറം തികയ്ക്കാതെ സെനറ്റ് യോഗം പിരിഞ്ഞതിൽ വിവരങ്ങൾ തേടി ഗവർണർ വി സിക്ക് കത്ത് അയച്ചിരുന്നു.
13 ചാൻസലർ നോമിനികളിൽ രണ്ട് പേർ മാത്രമാണ് യോഗത്തിന് എത്തിയത്. സെനറ്റ് യോഗത്തിൽ നിന്ന് വിട്ടു നിന്ന ഗവർണറുടെ നോമിനികൾക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. വി സി അടക്കം 13 പേർ മാത്രമാണ് നിർണായക സെനറ്റ് യോഗത്തിനെത്തിയത്. ഗവർണറുടെ നിർദേശത്തെ തുടർന്ന് വിളിച്ച യോഗത്തിൽ ആകെയുള്ള 13 ചാൻസലർ നോമിനികളിൽ 11 പേരും പങ്കെടുത്തില്ല. 21 അംഗങ്ങൾ എത്തിയാൽ ക്വാറം തികയുമെന്നിരിക്കെയാണ് ചാൻസലർ നോമിനികൾ വിട്ടു നിന്നത്. ഇതിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ട്.