പത്തനംതിട്ടയിൽ കിടന്നുറങ്ങിയ ആളെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസ്; 4 വർഷത്തിന് ശേഷം പ്രതി പിടിയിൽ
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് പിറകിൽ കിടന്നുറങ്ങിയ ആളെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ നാലു വർഷത്തിനുശേഷം പോലീസ് പിടികൂടി. മുക്കുഴി സ്വദേശി പൊടിയൻ കൊല്ലപ്പെട്ട കേസിലാണ് കുളത്തൂപ്പുഴ സ്വദേശി വിജയനെ പോലീസ് കരുനാഗപ്പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2018 ജനുവരി 1 നായിരുന്നു കൊലപാതകം നടന്നത്
2018 ലെ പുതുവർഷ ദിനത്തിലായിരുന്നു മിനി സിവിൽ സ്റ്റേഷന് പുറകിലെ കടത്തിണ്ണയിൽ തല തകർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. എന്നാൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിരുന്നു. ഈ അന്വേഷണമാണ് കുളത്തൂപ്പുഴ സ്വദേശി വിജയനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. വാക്കു തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് വിജയൻ കടത്തിണ്ണയിൽ കിടന്ന് ഉറങ്ങുകയായിരുന്ന പൊടിയന്റെ തലയിൽ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പത്തനംതിട്ട നാർക്കോട്ടിക്‌സിൽ ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിവിജയനെ കരുനാഗപ്പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.കോവിഡ് ബാധ്യത ആയിരുന്ന പ്രതി നെഗറ്റീവ് ആയതിനു ശേഷം അടുത്ത ദിവസം പത്തനംതിട്ടയിൽ എത്തിക്കുമെന്ന് പോലീസ് പറഞ്ഞു. സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ലഭിച്ച സിസിടിവിയിൽ വിജയനോട് രൂപസാദൃശ്യമുള്ള ആളുടെ ദൃശ്യം പോലീസും ലഭിച്ചിരുന്നു. ഈ തുമ്പിൽ നിന്നാണ് പോലീസ് വിജയനെ പിടികൂടുന്നത്.കൊലപാതകത്തിനുശേഷം പ്രതി പത്തനംതിട്ടയിൽ നിന്ന് മുങ്ങുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.താനുമായി വഴക്കുണ്ടാക്കുന്ന ആളുകളെ ഉറങ്ങുന്ന സമയത്ത് കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുന്നതാണ് പ്രതിയുടെ രീതി എന്നും പോലീസ് പറഞ്ഞു.