ഗവർണർക്ക് അയച്ച കത്ത്: സ്വാഭാവിക ആശയ വിനിമയം മാത്രമെന്ന് മന്ത്രി ആർ ബിന്ദു
കണ്ണൂർ വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്ക് അയച്ച കത്തിനെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കണ്ണൂർ വൈസ് ചാൻസലറുടെ നിയമനം നടത്തിയത് പൂർണമായും ഗവർണറുടെ ഉത്തരവാദിത്വത്തിലാണ്. നടന്നത് സ്വാഭാവികമായ ആശയവിനിമയാണ്.
സർവകലശാലയുടെ ചാൻസലർ ഗവർണറും പ്രോ ചാൻസലർ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്ഥാപിതമായ പദവികളാണിവ. ഈ രണ്ട് പദവികളിൽ ഇരിക്കുന്നവർ തമ്മിൽ ആശയ വിനിമയം നടത്തൽ സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.
പ്രോ ചാൻസലർ എന്തെങ്കിലും നിർദേശം സമർപ്പിച്ചാൽ അത് സ്വീകരിക്കാനോ നിരാകരിക്കാനോ അധികാരമുള്ളതാണ് ചാൻസലർ പദവി. നീണ്ടകാലത്തെ ഭരണാനുഭവമുള്ള ബഹുമാനപ്പെട്ട ഗവർണർ, ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് നടത്തിയ പുനർനിയമനം പൂർണ ഉത്തരവാദിത്വത്തോടെയാണെന്നത് ആർക്കും അറിയാവുന്നതാണെന്നും മന്ത്രി പറഞ്ഞു.