Sunday, April 13, 2025
Kerala

‘കെവി തോമസ് വന്നത് മുഖ്യമന്ത്രിയുടെ അറിവോടെ, സംസ്ഥാനം ആവശ്യപ്പെട്ടാൽ സഹകരിക്കും, രാഷ്ട്രീയം നോക്കില്ല’

കൊച്ചി: സർക്കാരുമായി ഔദ്യോഗികമായി കെ റെയിലിൽ ചർച്ച നടത്തിയിട്ടില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഹൈ സ്പീഡ് റെയിൽവേ ചർച്ച നടത്തിയിരുന്നു. ഹൈസ്പീഡ് /സെമി ഹൈസ്പീഡ് റെയിലാണ് അഭികാമ്യമെന്നും ഇ ശ്രീധരൻ കൊച്ചിയിൽ പറഞ്ഞു. കെ-റെയിലുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങളിൽ സർക്കാരിൽ നിന്നും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ വി തോമസ് ആവശ്യപ്പെട്ട പ്രകാരമാണ് കുറിപ്പ് നൽകിയത്. ആകാശ പാതയായോ തുരങ്ക പാത ആയോ നടപ്പാക്കാം. പദ്ധതി കേരളത്തിന് ആവശ്യമാണ്. ചീഫ് മിനിസ്റ്ററുടെ അറിവോടെയാണ് കെ വി തോമസ് വന്നത്. സംസ്ഥാനം ആവശ്യപ്പെട്ടാൽ വികസനത്തിനായി സഹകരിക്കും. അതിന് രാഷ്ട്രീയം നോക്കില്ല. കെ റെയിൽവേണ്ട എന്ന കോൺഗ്രസിന്റെത് അവരുടെ അഭിപ്രായം. നിർമ്മാണ ചുമതല സംബന്ധിച്ചും സർക്കാരിനെ നിർദ്ദേശം അറിയിച്ചു. ഇന്ത്യൻ റെയിൽവെയോ ഡെൽഹി മെട്രോയോ ഇതിന്റെ നിർമ്മാണം നടത്തണം. മുഖ്യമന്ത്രിയെ കാണാൻ തയ്യാറാണെന്നും ശ്രീധരൻ പറഞ്ഞു.

പുതിയ പദ്ധതി എല്ലാവരുടെയും സഹകരണത്തോടെ നടപ്പാക്കും. കേന്ദ്രത്തെ ഉൾപ്പെടുത്തിയാൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. ഡൽഹി മെട്രോ, കൊങ്കൺ റെയിൽവേ എന്നീ മാതൃക ആലോചിക്കാവുന്നതാണ്. എംബാങ്ക് മെന്റിന് പകരം എലിവേറ്റഡ് പാത ആയാൽ പരിസ്ഥിതി നാശം ഒഴിവാക്കാം. 18 മാസം കൊണ്ട് പുതിയ ഡിപിആർ തയ്യാറാക്കാം. ഫോറിൻ ഫണ്ട് കിട്ടണമെങ്കിൽ പ്രകൃതി സൗഹൃദമാക്കും. തന്റെ പ്രൊപ്പോസൽ അംഗീകരിച്ചാൽ കേന്ദ്രത്തിന്റെ അനുമതി വാങ്ങാൻ സഹായിക്കാം. റെയിൽവേ മന്ത്രാലയവുമായി ചർച്ച നടത്തിയിട്ടില്ല. പക്ഷെ അവരുടെ മനസ് തനിക്കറിയാം. താൻ അവിടെയായിരുന്നല്ലോ ജോലി ചെയ്തതെന്നും ഇ ശ്രീധരൻ പറ‍ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *