Saturday, October 19, 2024
Kerala

അതിവേഗ പാത അനിവാര്യം, കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് കൂടെ ഉണ്ടാകും; കെ.സുരേന്ദ്രൻ

സെമി ഹൈ സ്പീഡ് പദ്ധതിക്ക് പിന്തുണയുമായി സംസ്ഥാന ബിജെപി നേതൃത്വം. സെമി ഹൈ സ്പീഡ് പദ്ധതി കേരളത്തിന് ഗുണം ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് സെമി ഹൈസ്പീഡ് റെയിൽ പദ്ധതി പുതിയ തുടക്കമാകും. കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തുന്ന ഒന്നിനും ബിജെപി കൂട്ടുനിൽക്കില്ല. ഇ ശ്രീധരൻ പദ്ധതിയെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടുണ്ട്. കേരളത്തിന് നഷ്ടമുണ്ടാക്കാത്ത ബദൽ റെയിൽ വേ പദ്ധതി ആവശ്യമാണ്. റെയിൽ-വേ വികസനത്തിന്റെ അന്തിമ വാക്കാണ് ഇ ശ്രീധരനെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മെട്രൊ മാൻ ഇ ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീധരൻ സംസ്ഥാന സർക്കാരിന് നിർദേശങ്ങൾ നൽകിയ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച.

കെ റെയിൽ മാറ്റങ്ങളോടെ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് ഇ ശ്രീധരൻ നിർദേശങ്ങൾ നൽകിയിരുന്നു. അണ്ടർ ഗ്രൗണ്ട്, എലവേറ്റർ രീതിയിൽ പദ്ധതി നടപ്പാക്കാമെന്ന നിർദേശങ്ങളാണ് സർക്കാരിന് നൽകിയിരിക്കുന്നത്. റെയിൽ വികസന പദ്ധതികളിലെ തടസങ്ങൾ ചർച്ച ചെയ്യാൻ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇന്ന് ഇ ശ്രീധരനെ പൊന്നാനിയിലെത്തി കണ്ടിരുന്നു. ശേഷമാണ് ചർച്ച പുരോ​ഗമിച്ചത്.

കെ റെയില്‍ വീണ്ടും ട്രാക്കിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്കെതിരെ കടുത്ത നിലപാടായിരുന്നു നേരത്തെ ഇ ശ്രീധരന് ഉണ്ടായിരുന്നത്. കെ റെയിൽ നിലവിലെ രീതിയിൽ പ്രായോഗികമല്ലെങ്കിലും മാറ്റങ്ങളോടെ നടപ്പിലാക്കാം എന്നാണ് ഇ ശ്രീധരന്റെ ഇപ്പോഴത്തെ നിലപാട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഉപദേശം നൽകി. ഹൈസ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകൾ കേരളത്തിന്‌ ആവശ്യമാണ്‌. അണ്ടർ ഗ്രൗണ്ട്, എലവേറ്റർ രീതിയിൽ പദ്ധതി നാപ്പിലാക്കാമെന്ന് ഇ ശ്രീധരൻ പറഞ്ഞിരുന്നു. ഇങ്ങനെ വരുമ്പോൾ ചെലവും സ്ഥലം ഏറ്റെടുക്കലും കുറയുമെന്നും ഇക്കാര്യങ്ങൾ അടങ്ങിയ നിർദേശങ്ങൾ കെ വി തോമസ് വഴി സർക്കാരിന് സമർപ്പിക്കുമെന്നും ശ്രീധരൻ പറഞ്ഞു.

സർക്കാർ തലത്തിൽ മറ്റ് ചർച്ചകൾ ഒന്നും നടന്നിട്ടില്ല. ആദ്യമായിട്ടാണ് കെ റെയിലിൽ തന്റെ ഉപദേശം തേടുന്നത് എന്നും ഇ ശ്രീധരൻ വ്യക്തമാക്കി. ഇ ശ്രീധരനെ ഒപ്പം കൂട്ടി കെ റെയിൽ ട്രക്കിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കെ വി തോമസ് ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിൽ എത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. മറ്റ് റെയിൽവേ പ്രശ്നങ്ങളും ചർച്ചയായി.

Leave a Reply

Your email address will not be published.