വിക്ഷേപണം വിജയം; ചന്ദ്രയാന്‍ 3 ഒന്നാം ഭ്രമണ പദത്തിൽ; ആഹ്ളാദം പങ്കുവച്ച് ശാസ്ത്രജ്ഞർ
രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍–3 വിക്ഷേപിച്ചു. ചാന്ദ്രയാൻ പേടകം ഒന്നാം ഭ്രമണ പഥത്തിലെത്തി. ആഹ്ളാദം പങ്കുവച്ച് ഐഎസ്ആർഒ ശാസ്ത്രജ്ഞർ. ഏറെ അഭിമാനമെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞർ പറഞ്ഞു. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ചന്ദ്രയാൻ– 3 വഹിച്ചുകൊണ്ട് എൽവിഎം3– എം4 റോക്കറ്റ് കുതിച്ചുയര്‍ന്നത്.
ഇസ്‌റോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള എൽവിഎം3– എം4 റോക്കറ്റ്. ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇനി അടുത്തമാസം 23ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാൻ 3 സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് കാണുവാനുള്ള കാത്തിരിപ്പാണ്. ദൗത്യം വിജയം കാണുന്നതോടെ ചന്ദ്രനിൽ സുരക്ഷിതമായി ഒരു പേടകം ലാൻഡ് ചെയ്യിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ അറിയപ്പെടും.
സങ്കീര്‍ണമായ നാലു ഘട്ടങ്ങളാണ് ചന്ദ്രയാന്‍ ദൗത്യത്തിനുള്ളത്. ആദ്യം ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ പേടകത്തെ എത്തിക്കും. പിന്നീട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്രയാണ്. അതിന് ശേഷമാണ് ലാന്‍ഡര്‍ ചന്ദ്രനില്‍ നടത്തുന്ന സോഫ്റ്റ് ലാന്‍ഡിങ്ങും റോവറിന്റെ ചന്ദ്രനിലെ പരീക്ഷണങ്ങളും നടക്കുക.
ഭൂമിയെ അഞ്ച് പ്രാവശ്യം വലം വെച്ച് ഭ്രമണപഥത്തില്‍ നിന്നാകും ചന്ദ്രയാന്‍ ദൗത്യത്തിലേക്ക് നീങ്ങുക. 2019 ല്‍ ചന്ദ്രയാന്‍- 2 ദൗത്യം സോഫ്റ്റ് ലാന്‍ഡിംഗ് സമയത്ത് വെല്ലുവിളികള്‍ നേരിട്ടതിന് ശേഷമുള്ള ഐ എസ് ആര്‍ ഒയുടെ രണ്ടാമത്തെ ശ്രമമാണിത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഒരിക്കല്‍ കൂടെ പരിശോധിച്ചതിന് ശേഷമാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. 2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു.
ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്. 3,84,000 കിലോമീറ്റര്‍ അകലെ, ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടി വീണ്ടുമൊരു യാത്ര തുടങ്ങുകയാണ്. 24 മണിക്കൂര്‍ നീണ്ടുനിന്ന ലോഞ്ചിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ ഏറ്റവും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് ചന്ദ്രയാന്‍ മൂന്നില്‍ ആണ്.