ലോക് സഭാ തെരെഞ്ഞെടുപ്പ്; കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളുടെ പരിഗണന പട്ടികയായി
ലോക് സഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥികളുടെ പരിഗണന പട്ടികയായി. തിരുവനന്തപുരത്ത് നിർമല സീതാരാമനും അജിത് ദോവലും ഉൾപ്പെടെ 5 പേരുകൾ പരിഗണനയിൽ. കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവർ സ്ഥാനാർത്ഥികളായേക്കും . പി കെ കൃഷ്ണദാസ്, സന്ദീപ് വാര്യർ, എം ടി രമേശ് തുടങ്ങിയവരും പരിഗണന പട്ടികയിലുണ്ട്.
അതേസമയം സെമി ഹൈ സ്പീഡ് പദ്ധതിക്ക് പിന്തുണയുമായി സംസ്ഥാന ബിജെപി നേതൃത്വം രംഗത്തെത്തി. സെമി ഹൈ സ്പീഡ് പദ്ധതി കേരളത്തിന് ഗുണം ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് സെമി ഹൈസ്പീഡ് റെയിൽ പദ്ധതി പുതിയ തുടക്കമാകും. കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തുന്ന ഒന്നിനും ബിജെപി കൂട്ടുനിൽക്കില്ല.
ഇ ശ്രീധരൻ പദ്ധതിയെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടുണ്ട്. കേരളത്തിന് നഷ്ടമുണ്ടാക്കാത്ത ബദൽ റെയിൽ വേ പദ്ധതി ആവശ്യമാണ്. റെയിൽ-വേ വികസനത്തിന്റെ അന്തിമ വാക്കാണ് ഇ ശ്രീധരനെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മെട്രൊ മാൻ ഇ ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീധരൻ സംസ്ഥാന സർക്കാരിന് നിർദേശങ്ങൾ നൽകിയ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച.