Thursday, January 9, 2025
National

മണിപ്പൂരിൽ വീണ്ടും ബാങ്ക് കൊള്ള, ഒരു കോടിയുടെ ഇലക്ട്രോണിക് സാധനങ്ങൾ മോഷണം പോയി

വർഗീയ കലാപം രൂക്ഷമായ മണിപ്പൂരിൽ വീണ്ടും ബാങ്ക് കവർച്ച. കാങ്‌പോപ്പി ജില്ലയിലെ ബാങ്കിൽ നിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന കമ്പ്യൂട്ടറുകളും മറ്റ് ഇലക്‌ട്രോണിക് വസ്തുക്കളും കൊള്ളയടിച്ചു. ചുരാചന്ദ്പൂരിലെ ആക്‌സിസ് ബാങ്ക് ശാഖയിൽ നിന്ന് 2.25 കോടിയുടെ പണവും ആഭരണങ്ങളും മോഷണം പോയതിന് പിന്നാലെയാണ് പുതിയ സംഭവം.

ഇംഫാൽ താഴ്‌വരയ്ക്ക് വടക്കുള്ള മണിപ്പൂർ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിന്റെ കാങ്‌പോപി ശാഖയിലാണ് മോഷണം നടന്നത്. മേയ് 4 മുതൽ ബാങ്ക് അടച്ചിട്ടിരിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് ഉദ്യോഗസ്ഥർ ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നതെന്ന് പൊലീസ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ആറ് കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും മറ്റ് ഇലക്ട്രോണിക്സ് വസ്തുക്കളും നഷ്ടപ്പെട്ടതായാണ് വിവരം.

ഹെഡ് ഓഫീസിന്റെ നിർദേശപ്രകാരം മെയ് പകുതിയോടെ തന്നെ ബാങ്കിലെയും എടിഎമ്മുകളിലെയും പണമെല്ലാം സുരക്ഷിതമായി ബാങ്ക് അധികൃതർ മാറ്റിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാംഗ്‌പോപി പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂലൈ 10 ന് ആക്‌സിസ് ബാങ്കിന്റെ ചുരാചന്ദ്പൂർ ശാഖയിൽ നിന്ന് 2.25 കോടി രൂപയുടെ ആഭരണങ്ങളും പണവും കാണാതായിരുന്നു.

മെയ് മൂന്നിന് സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് രണ്ട് മാസത്തിലേറെയായി ബാങ്ക് അടച്ചിട്ടിരിക്കുകയായിരുന്നെന്നും തുറന്നപ്പോഴാണ് മോഷണം നടന്നതായി മനസിലായതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *