ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തിന് മാതൃകയായിരുന്നു കേരള പൊലീസ്; ഇന്ന് അടിമവത്ക്കരിക്കപ്പെട്ടു; വി ഡി സതീശൻ
സംസ്ഥാന സർക്കാരിനും കേരള പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകര്‍ന്നൊരു കാലമുണ്ടായിട്ടില്ല. യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് പൊലീസ് കുടപിടിച്ച് കൊടുക്കുകയാണ്.
പ്രതികളെല്ലാം നടുറോഡില്‍ കയ്യും വീശി നടക്കുമ്പോള്‍ കൈകാലുകളില്‍ കൂച്ചുവിലങ്ങിട്ട് ലോക്കപ്പിലാണ് കേരള പൊലീസെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഒഫീസില്‍ നിന്നും സിപിഐഎം നേതാക്കളില്‍ നിന്നും തിട്ടൂരം വാങ്ങി ജോലി ചെയ്യുന്നവരായി കേരള പൊലീസ് അധഃപതിച്ചു. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രമസമാധാന പാലനത്തിലും കാര്യക്ഷമതയിലും ലോകത്തിനു മാതൃകയായിരുന്നു കേരള പൊലീസ്. എന്നാല്‍ ഇന്ന് പൊലീസ് സേന അടിമുടി അടിമവത്ക്കരിക്കപ്പെട്ടു.
കേരള ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തര മന്ത്രി ആരെന്ന് ചോദിച്ചാല്‍, സിപിഐഎമ്മുകാര്‍ക്ക് പോലും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ലെന്നും വി ഡി സതീശൻ വിമർശിച്ചു. ഏഴ് വർഷങ്ങൾ കൊണ്ട് കേരള പൊലീസിനെ പിണറായി വിജയന്റെ അടിമകൂട്ടമാക്കി മാറ്റിയതിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.