Wednesday, April 16, 2025
Kerala

ധര്‍മ്മടത്തേത് ഒറ്റപ്പെട്ട സംഭവമല്ല: പൊലീസിലെ ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്നത് സര്‍ക്കാരും സി.പി.ഐ.എമ്മും; വി.ഡി സതീശൻ

നാട്ടില്‍ നിയമം നടപ്പാക്കേണ്ട പൊലീസ്, അതും നവോത്ഥാന മുന്നേറ്റമെന്ന് വീമ്പ് പറയുന്നൊരു സര്‍ക്കാരിന്റെ കാലത്ത് എത്രത്തോളം അപരിഷ്‌കൃതവും മനുഷ്യത്വരഹിതവുമായാണ് പെരുമാറുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ധര്‍മ്മടത്ത് കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം നിയമസഭാ മണ്ഡലമാണിത്. വിഷു ദിനത്തില്‍ വൃദ്ധമാതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ധര്‍മ്മടം എസ്.എച്ച്.ഒ ക്രൂരമായാണ് മര്‍ദ്ദിച്ചത്. സ്റ്റേഷന്‍ ചുമതലയുള്ള ഈ ഉദ്യോഗസ്ഥന്‍ ഇവരുടെ കാറും തല്ലിത്തകര്‍ത്തു. ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ധര്‍മ്മടത്തേത് ഒറ്റപ്പെട്ട സംഭവമല്ല. തൃപ്പൂണിത്തുറയിലും എറണാകുളം നോര്‍ത്തിലും സമീപകാലത്ത് ക്രൂരമായ പൊലീസ് മര്‍ദ്ദനങ്ങളുണ്ടായി. കളമശേരിയില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്തു. ശക്തമായ പ്രതിഷേധം ഉണ്ടായെങ്കിലും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാരിനും സി.പി.ഐഎമ്മിനും വേണ്ടപ്പെട്ടവര്‍ എത്ര വലിയ ക്രിമിനല്‍ ആയാലും സംരക്ഷിക്കുമെന്ന സന്ദേശമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ധര്‍മ്മടത്തും നടപ്പാക്കുന്നത്. ക്രിമിനല്‍ മനസുള്ള ഉദ്യോഗസ്ഥര്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാരും പാര്‍ട്ടിയും തന്നെയാണ്. ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ സേനയില്‍ ഒരു നിയന്ത്രണവുമില്ലെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.

ധര്‍മ്മടം എസ്.എച്ച്.ഒ ലാത്തിയുമായി ഉറഞ്ഞുതുള്ളുന്നതിന്റെയും വൃദ്ധമാതാവിനെ അസഭ്യം വിളിക്കുന്നതിന്റെയും വിഡിയോ പുറത്ത് വന്നിട്ടുണ്ട്. എസ്.എച്ച്.ഒ കെ.വി സ്മിതേഷിനെ സസ്‌പെന്‍ഡ് ചെയ്ത് കേസെടുത്തെങ്കിലും ജാമ്യം കിട്ടാവുന്ന ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്. ഇതിലൂടെ എന്ത് സന്ദേശമാണ് ആഭ്യന്തര വകുപ്പും സര്‍ക്കാരും ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *