Monday, January 6, 2025
Kerala

ഇ.പി ജയരാജന് മറുപടി, കേരളം മുഴുവൻ പൊലീസ് സംരക്ഷണമില്ലാതെ താൻ യാത്ര ചെയ്യും; വി.ഡി.സതീശൻ

പ്രതിപക്ഷ നേതാവിനെ വഴിയിൽ തടയുമെന്ന ഇപി യുടെ പ്രസ്താവനയിൽ പ്രതികരണവുമായി വി.ഡി.സതീശൻ രം​ഗത്ത്. ഇ.പിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കേരളം മുഴുവൻ ഒരു പൊലീസ് സംരക്ഷണയും ഇല്ലാതെ തന്നെ താൻ യാത്ര ചെയ്യുമെന്നും വി.ഡി. സതീശൻ പറഞ്ഞു. സർക്കാരിനെ നന്നാക്കാനല്ല കൺവീനറുടെ വരവ്. മറിച്ച് കൂടുതൽ കുഴപ്പത്തിൽ ചാടിക്കാനാണ്.

ഏഷ്യാനെറ്റ്‌ റിപ്പോർട്ടർക്കെതിരായ എം വി ജയരാജന്റെ പ്രസ്താവന സി പി ഐ എം നേതാക്കൾ കേട്ടില്ലായിരിക്കും, പക്ഷേ തങ്ങളെല്ലാം കേട്ടു. കേരളത്തിലെ ഒരു പൊതുപ്രവർത്തകനും പറയാൻ പാടില്ലാത്ത ഭാഷയിലാണ് ജയരാജൻ ആ മാധ്യമ പ്രവർത്തകനെ കുറിച്ച് പറഞ്ഞതെന്നും സതീശൻ പറഞ്ഞു. പിണറായി സർക്കാരിന്റെ ശ്രമം മാധ്യമങ്ങളെ ഭയപ്പെടുത്തലാണ്. ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിലെ പൊലീസ് പരിശോധന അസഹിഷ്ണുതയുടെ പര്യായമാണ്. ബി ബി സി ഓഫീസിൽ റെയ്ഡ് നടത്തിയ മോദിയും പിണറായിയും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാത്ത അവസ്ഥയാണ്. ഫാസിസത്തിന്റെ ഒരു വശമാണ് ഇതെന്നതിൽ തർക്കമില്ലെന്നും അദ്ദേഹം വിമർശിച്ചു.

എം.കെ.രാഘവൻ്റെ പ്രസ്താവനയ്ക്ക് കെപിസിസി അധ്യക്ഷൻ മറുപടി നൽകും. സാധാരണ വീട്ടിലുണ്ടാകുന്ന ചേട്ടൻ അനിയൻ പരാതികളായി നിലവിലെ വിമർശനങ്ങളെ കണ്ടാൽ മതി. നിലവിൽ ഒറ്റക്കെട്ടായാണ് കോൺഗ്രസും യുഡിഎഫും മുന്നോട്ട് പോകുന്നത്. പ്രതിപക്ഷം മുഖ്യമന്ത്രി യുടെ കുടുംബത്തെ എവിടെ വേട്ടയാടി എന്നാണ് ഇ.പി ജയരാജൻ പറയുന്നത്. തന്റെ കുടുംബത്തിനെതിരായ ആരോപണങ്ങൾ ഉണർന്നപ്പോൾ അതിൽ മുഖ്യമന്ത്രി യുടെ കുടുംബത്തെ കൂടി ഉൾപ്പെടുത്താനാണ് ഇ പി യുടെ ശ്രമമെന്നും സതീശൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *