മുഖ്യമന്ത്രിക്ക് അമിത സുരക്ഷ, ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ; കെ മുരളീധരൻ
മുഖ്യമന്ത്രി പിണറായി വിജയന് അമിത സുരക്ഷയെന്ന് കെ മുരളീധരൻ. മുഖ്യമന്ത്രി വന്നാൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പാർട്ടി പരിപാടി നടത്താൻ സമ്മതിക്കുന്നില്ല. പൊലീസിന്റെ പെരുമാറ്റം വളരെ മോശം. യുഡിഎഫും കോൺഗ്രസും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കെ മുരളീധരൻ പറഞ്ഞു.
ഊരി പിടിച്ച വാളിനിടയിലൂടെ നിര്‍ഭയനായി നടന്നു എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി ഇന്ന് സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്നു ഓടുകയാണെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. രൂക്ഷമായ വിലക്കയറ്റം കൊണ്ടും സര്‍വ്വത്ര മേഖലയിലും ഏര്‍പെടുത്തിയ നികുതി ഭാരം കൊണ്ടും പൊറുതി മുട്ടിയ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഭയമായി തുടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.
104 ഡിഗ്രി പനിയുള്ള കുഞ്ഞിനു മരുന്നു വാങ്ങാനെത്തിയ അച്ഛനു നേരെ ആക്രോശിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍, മരുന്ന് കൊടുത്ത മെഡിക്കല്‍ ഷോപ്പ് ഉടമയെ ഭീഷണിപ്പെടുത്തി ഷോപ്പ് പൂട്ടിക്കുമെന്ന് പറയുന്നത് എന്തു ജനാധിപത്യമാണ്. മുഖ്യമന്ത്രിക്കെതിരെ സമര രംഗത്തുളള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വനിത നേതാവിനെ പരസ്യമായി വലിച്ചിഴച്ച് മര്‍ദ്ദിക്കാനൊരുങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടിയില്ല, ഇവരാണ് സ്ത്രീ സുരക്ഷയെ പറ്റി ഗീര്‍വാണം പ്രസംഗിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.