കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതെന്ന് പറയാൻ മുഖ്യമന്ത്രിക്ക് അസാമാന്യ തൊലിക്കട്ടി വേണം; മന്ത്രി വി. മുരളീധരൻ
മുഖ്യമന്ത്രിയുടെ സമീപനം കേരളത്തിലെ ജനങ്ങളെ അപഹസിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതെന്ന് പറയാൻ അസാമാന്യ തൊലിക്കട്ടി വേണം. ചുറ്റും നടക്കുന്നത് എന്താണെന്ന് തിരിച്ചറിയാത്ത സമീപനമാണ് മുഖ്യമന്ത്രിയുടേത്. പ്രവാസികളെ ബുദ്ധിമുട്ടിക്കുകയാണ് സർക്കാർ. അടച്ചിട്ട വീടിനുള്ള നിക്കുതി പ്രവാസികളെ പ്രതിസന്ധിയിലാക്കുകയാണെന്നും
പ്രവാസി ദ്രോഹം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പ്രവാസികളുടെ കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കും. കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. കേരളത്തിന് അർഹത പെട്ടത് കേന്ദ്രം നൽകുന്നുണ്ട്. സംസ്ഥാനങ്ങൾ കടക്കെണിയിൽ ആകാതിരിക്കാൻ മുൻകരുതൽ എടുക്കുകയാണ് കേന്ദ്ര സർക്കാർ. സെൻസസ് അടിസ്ഥാനമാക്കി15 ാം ധനകാര്യ കമ്മീഷൻ മാനദണ്ഡങ്ങൾ മാറ്റി. കൂടുതൽ നഷ്ടം കർണ്ണാടകത്തിനാണ് സംഭവിക്കുന്നത്.
പതിനായിരം കോടിയുടെ നഷ്ടമാണ് അവിടെ ഉണ്ടായത്.
മുഖ്യമന്ത്രി ഇക്കാര്യത്തിൽ പച്ചക്കള്ളം പറയുകയാണ്. നേട്ടമുണ്ടാക്കിയത് തമിഴ് നാടാണ്. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ജനങ്ങളെ ഇരുട്ടിൽ നിർത്തുകയാണ് ഇടത് സർക്കാർ. കിഫ്ബിയുടെ പേരിലെ കടമെടുപ്പ് തടഞ്ഞു. അതിൽ ഇടപെട്ടത് അധികാരമുള്ളത് കൊണ്ട് തന്നെയാണ്. 2022 ലെ ആർബിഐ റിപ്പോർട്ടിൽ കേരളം കടക്കെണിയിലെന്ന് വ്യക്തമാക്കുന്നുണ്ട്. നികുതി വരുമാനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് യാഥാർത്ഥ്യത്തിന് നിരക്കാത്ത കാര്യങ്ങളാണ്.
ജിഎസ്ടി 5 വർഷമായിട്ടും നികുതി വെട്ടിപ്പിന് അവസരം നൽകി. അതു കൊണ്ട് സിപിഐഎമ്മിന് എന്ത് നേട്ടമാണുണ്ടായത്. റവന്യു ചെലവിന്റെ നല്ല പങ്ക് പോകുന്നത് വികസനത്തിനല്ല. വികസനത്തിന് പണം പോകുന്നു എന്ന് പറയുന്നത് തെറ്റാണ്. പണം പോകുന്നത് മറ്റ് വഴികളിലൂടെയാണെന്നും മുഖ്യമന്ത്രി ജനങ്ങളെ അപഹസിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.