റോഡുകളിലെ കേബിൾ കെണികൾ ചർച്ചചെയ്യാൻ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം
സംസ്ഥാനത്തെ റോഡുകളിലെ കേബിൾ കെണികൾ ചർച്ചചെയ്യാൻ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ യോഗം ചേരും. സംസ്ഥാനത്തെ റോഡുകളിൽ അലക്ഷ്യമായിട്ടിരിക്കുന്ന കേബിളുകൾ മൂലം ഇരുചക്ര വാഹന യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കാൽനടക്കാർക്കും നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം.
പൊതുനിരത്തുകളിലും വശങ്ങളിലുമുള്ള അലക്ഷ്യമായ കേബിൾ വിന്യാസം, സ്ലാബിട്ട് മൂടാത്ത ഓടകൾ, കുഴികൾ എന്നിവ മൂലമുള്ള അപകടസാഹചര്യമാണ് ചർച്ച ചെയ്യുക. പൊതുമരാമത്ത്, ഗതാഗതം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി, ടെലഫോൺ കമ്പനികൾ, വിവിധ ടെലിവിഷൻ കേബിൾ കമ്പനികൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം.
കഴിഞ്ഞ ഡിസംബർ മുതൽ സംസ്ഥാനത്ത് 5 അപകടങ്ങളാണ് റോഡുകളിലെ അലക്ഷ്യമായ കേബിളുകൾ മൂലം ഉണ്ടായത്. ഇതിൽ ഒരു മരണവുമുണ്ടായി.