കേരളത്തിലടക്കം മാവോയിസ്റ്റ്വേട്ട ശക്തമാക്കാൻ കേന്ദ്രം; അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം
ന്യൂഡൽഹി: രാജ്യത്തെ മാവോയിസ്റ്റ് ബാധിത മേഖലകളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും യോഗത്തിൽ പങ്കെടുക്കുക. ഈ സംസ്ഥാനങ്ങളിലെ സുരക്ഷാ യോഗം വിലയിരുത്തും.
ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാൾ, തെലങ്കാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും യോഗത്തിൽ പങ്കെടുക്കുക. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗ്മോഹൻ റെഡ്ഡി യോഗത്തിൽ പങ്കെടുക്കില്ല. പകരം ആന്ധ്ര ആഭ്യന്തര മന്ത്രിയാകും യോഗത്തിനെത്തുക.
സുരക്ഷ വിലയിരുത്തുന്നതിനൊപ്പം മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളിലെ വികസന പ്രവർത്തനങ്ങളും ആഭ്യന്തര മന്ത്രി വിലയലിരുത്തുമെന്നാണ് സൂചന. നിലവിൽ 45 ജില്ലകളിൽ മാവോയിസ്റ്റ് പ്രവർത്തനം വ്യാപകമാണെന്നാണ് കേന്ദ്രസർക്കാറിന്‍റെ കണ്ടെത്തൽ. 2019ൽ 61 ജില്ലകളിൽ മാവോയിസ്റ്റ് ഭീഷണിയുള്ളതായി കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.