പുതുപ്പള്ളിയിൽ ആരോപണ-പ്രത്യാരോപണങ്ങളുമായി ജെയ്ക്കും ചാണ്ടി ഉമ്മനും; ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഉന്നുണ്ടായേക്കും
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മണ്ഡലപര്യടനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇടത്-വലത് സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ അടുത്ത മണിക്കൂറിൽ വമ്പൻ റോഡ് ഷോ സംഘടിപ്പിച്ചാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് മണ്ഡലത്തിൽ നിറസാന്നിധ്യമായത്. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലൂടെയും കടന്ന് പോയി.
ഇന്നും മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ട് കാണുകയാണ് ജെയ്ക് സി തോമസിന്റെ പ്രധാന പരിപാടി. സിപിഐഎം സംസ്ഥാന-ജില്ലാ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ ജെയ്കിനൊപ്പം ചേരും. വൈകുന്നേരങ്ങളിൽ കുടുംബയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ഉമ്മൻചാണ്ടിയുടെ 40-ാം ചരമദിനത്തിന് ശേഷമേ യുഡിഎഫ് വിപുലമായ മണ്ഡലപര്യടനത്തിലേക്കും പ്രചരണത്തിലേക്കും കടക്കുകയുള്ളു. നിലവിൽ വോട്ടർമാരെ നേരിൽ കാണുന്നുണ്ടെങ്കിലും കൊട്ടിഘോഷിച്ചുള്ള പര്യടനമില്ല. മറ്റന്നാൾ കെസി വേണുഗോപാൽ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ മണ്ഡലത്തിലെത്തും.
അതേസമയം, എൻഡിഎക്ക് ഇതുവരെ സ്ഥാനാർത്ഥിയെ കണ്ടെത്താനായില്ല. ജില്ലാ നേതൃത്വം നൽകിയ പേരുകൾക്ക് പുറമെ സംസ്ഥാന നേതൃത്വത്തിന്റെ കൂട്ടിച്ചേർക്കലുകൾ കൂടി ഉൾപ്പെടത്തി കേന്ദ്ര കമ്മറ്റിക്ക് സമർപ്പിച്ചു. വനിത സ്ഥാനാർത്ഥിയേയും കേന്ദ്രം പരിഗണിക്കുന്നുണ്ട്. ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാൻ സി.പി.ഐഎം സംസ്ഥാന സമിതി ഇന്നും നാളെയുമായി ചേരും.
അതിനിടെ പുതുപ്പള്ളിയിൽ വികസനം നടപ്പാക്കിയില്ലെന്ന എൽഡിഎഫ് നേതാക്കളുടെ ആരോപണത്തിനെതിരെ ചാണ്ടി ഉമ്മൻ രംഗത്ത് എത്തി. പുതുപ്പള്ളിയിൽ സാധ്യമായ എല്ലാ വികസനവും നടപ്പാക്കിയിട്ടുണ്ടെന്നും വികസനവും കരുതലും എന്ന മുദ്രാവാക്യം വെറുതെ ഉയർന്നു വന്നതല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇരുട്ട് കൊണ്ട് ഓട്ട അടക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ചാണ്ടി ഉമ്മൻ പരിഹസിച്ചു.