കോഴിക്കുഞ്ഞിനെ സൗജന്യമായി നൽകിയില്ല, യുപിയിൽ ദളിത് യുവാവിന് ക്രൂര മർദ്ദനം
സൗജന്യമായി കോഴിക്കുഞ്ഞിനെ നൽകിയില്ലെന്നാരോപിച്ച് ദളിത് യുവാവിന് ക്രൂര മർദ്ദനം. കോഴിക്കുഞ്ഞ് വിൽപ്പനക്കാരനായ യുവാവ് പണം ആവശ്യപ്പെട്ടതാണ് അക്രമികളെ ചൊടിപ്പിച്ചത്. തുടർന്ന് നടുറോഡിൽ വെച്ച് ചെരുപ്പുകൊണ്ട് മർദ്ദിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലാണ് സംഭവം.
ബൈക്കിൽ ഗ്രാമംതോറും കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന സുജൻ അഹിർവാർ എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിൽ വരികയായിരുന്ന സുജനെ ചിലർ തടഞ്ഞുനിർത്തി കോഴിക്കുഞ്ഞുങ്ങളെ വേണമെന്ന് ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ടതോടെ സംഘം ആക്രമിച്ചതെന്നാണ് പരാതി. നടുറോഡിൽ വെച്ച് ചെരുപ്പുകൊണ്ട് ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വീഡിയോ വൈറലായതോടെ പ്രതികൾക്കെതിരെ പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.