ചികിത്സാ വിവാദത്തിൽ ഒന്നും പറയാനില്ല, പുതുപ്പള്ളിയിൽ സാധ്യമായ എല്ലാ വികസനവും നടപ്പാക്കി; ചാണ്ടി ഉമ്മൻ
സിപിഐഎം ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുകയാണെന്നും പുതുപ്പള്ളിയിൽ സാധ്യമായ എല്ലാ വികസനവും നടപ്പാക്കിയിട്ടുണ്ടെന്നും പുതുപ്പള്ളിയിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ചികിത്സാ വിവാദത്തിൽ ഇനി ഒന്നും പറയാനില്ല. പറയേണ്ടതെല്ലാം പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ഇതിൽ സിപിഐഎം തെറ്റ് തിരുത്തിയെങ്കിൽ നല്ല കാര്യമാണ്. വികസനവും കരുതലും എന്ന മുദ്രാവാക്യം വെറുതെ ഉയർന്നു വന്നതല്ല. ഉമ്മൻചാണ്ടി ബ്രാൻഡിങ്ങിൽ ആയിരുന്നില്ല വിശ്വസിച്ചിരുന്നത്, മറിച്ച് പ്രവർത്തിയിൽ ആയിരുന്നു. മണ്ഡലത്തിലെ വികസന പദ്ധതികളെപ്പറ്റിയും ചാണ്ടി ഉമ്മൻ സംസാരിച്ചു.
തൃക്കാക്കരയിലും വികസനനം ഇല്ലെന്ന് ആയിരുന്നു ഇടതുപക്ഷത്തിന്റെ വാദം. എന്നാൽ ഉമ തോമസ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഐഎമ്മിന് ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് ദുർബല വാദങ്ങൽ ഉന്നയിക്കുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. പുതുപ്പള്ളിലെ സ്ഥാനാർത്ഥി ചർച്ചകൾക്കിടെ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ജെയ്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണത്തിൽ ചുരുങ്ങിയ സമയം കൊണ്ട് മുന്നിലെത്താനാണ് ഇടതുമുന്നണിയുടെ ശ്രമം. വാർഡ് കമ്മിറ്റികൾ മുതൽ മണ്ഡലം കമ്മിറ്റി വരെ സജീവമാക്കാൻ മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും. 17ന് നാമനിർദേശ പത്രിക സമർപ്പിക്കാനാണ് നിലവിലെ തീരുമാനം.
പുതുപള്ളിയിലെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് വനിതകൾ കൂടി ഇടംപിടിച്ചു. ബിജെപി അയർക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, സംസ്ഥാന വക്താവും കോട്ടയം ജില്ലയുടെ സഹപ്രഭാരിയുമായ ടി.പി. സിന്ധു മോൾ എന്നിവരെയാണ് സാധ്യത പട്ടികയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാന ഭാരവാഹി യോഗത്തിലാണ് പട്ടിക വിപുലപ്പെടുത്തിയത്.