Saturday, October 19, 2024
Kerala

തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിന് കേന്ദ്ര അംഗീകാരം; വികസനപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

 

തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചു. ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പ്രവൃത്തി നടത്താനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. സ്ഥലമേറ്റെടുക്കലിന്റെ അമ്പത് ശതമാനം തുകയും സംസ്ഥാന സർക്കാരാണ് വഹിക്കുക. വികസനപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. സ്റ്റേറ്റ് ജി എസ് ടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇളവ് വരുത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ദേശീയ പാത അതോറിറ്റിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തി.

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗം പകരുന്നതാണ് തിരുവന്തപുരം ഔട്ടർ റിംഗ്‌റോഡിനുള്ള കേന്ദ്ര അംഗീകാരമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതി സമയബന്ധിതമായി ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ ദേശീയപാത അതോറിറ്റിയുമായി യോജിച്ച് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ദേശീയ പാത അതോറിറ്റിക്ക് എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകും. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ഔട്ടർ റിംഗ് റോഡിന് അംഗീകാരം നൽകണമെന്ന് മുഖ്യമന്ത്രി ദില്ലിയിലെത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയെ സന്ദർശിച്ച് ആവശ്യപ്പെട്ടിരുന്നു. പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ദില്ലിയിൽ കേന്ദ്രമന്ത്രിയെ കണ്ട് പ്രത്യേകമായി ഈ വിഷയം ചർച്ച ചെയ്തിരുന്നു.

ഔട്ടർ റിംഗ് റോഡിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ , കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി നിരന്തരം ആശയവിനിമയം നടത്തി വരുകയായിരുന്നു. ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരുമായുള്ള പൊതുമരാമത്ത് വകുപ്പിന്റെ യോഗത്തിലും ഇത് പ്രധാന അജണ്ടയായി ചർച്ച ചെയ്തിരുന്നു. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് അനുകൂല തീരുമാനമെടുത്ത കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരിക്കും ഉദ്യോഗസ്ഥർക്കും ദേശീയ പാതാ അതോറിറ്റി ഉദ്യോഗസ്ഥർക്കും മന്ത്രി പി എ മുഹമ്മദ് റിയാസ് നന്ദി അറിയിച്ചു

Leave a Reply

Your email address will not be published.